സൂറിച്ച്: അമേരിക്ക സ്വിറ്റ്‌സര്‍ലാന്‍ഡിന് മേല്‍ ചുമത്തിയ തീരുവയെ വ്യത്യസ്തരീതിയില്‍ 'ട്രോളി' സ്വിസ് വാച്ച്‌ നിര്‍മാതാക്കളായ 'സ്വാച്ച്'. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ 39 ശതമാനം തീരുവ ചുമത്തിയ യുഎസ് നടപടിയെയാണ് പുതുതായി പുറത്തിറക്കിയ വാച്ചില്‍ 3, 9 എന്നീ അക്കങ്ങളുടെ സ്ഥാനംമാറ്റി 'സ്വാച്ച്' പരിഹസിച്ചത്. സാധാരണ വാച്ചുകളില്‍നിന്ന് വ്യത്യസ്തമായി 3 എന്ന അക്കത്തിന്റെ സ്ഥാനത്ത് 9-ഉം 9-ന്റെ സ്ഥാനത്ത് 3-ഉം ആണ് ഈ വാച്ചില്‍ നല്‍കിയിരിക്കുന്നത്. ഇത് യുഎസ് ചുമത്തിയ 39 ശതമാനം തീരുവയെ സൂചിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

To advertise here,

'What If Tariffs?' എന്നാണ് പുതിയ വാച്ചിന് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന പേര്. നിലവില്‍ ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാച്ച് നിര്‍മിച്ചിരിക്കുന്നതെന്നാണ് 'സ്വാച്ച്' വെബ്‌സൈറ്റില്‍ നല്‍കിയ വിവരണം. ഇത് ലിമിറ്റഡ് എഡിഷന്‍ മോഡലായിരിക്കുമെന്നും കമ്പനി പറയുന്നു.

നിലവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മാത്രമാണ് പുതിയ മോഡല്‍ വാച്ച് ലഭ്യമാവുകയുള്ളൂ. 139 സ്വിസ് ഫ്രാങ്ക് (ഏകദേശം 15,348 രൂപ) ആണ് വാച്ചിന്റെ വില. 

ഇത് ഒരു തരത്തിലുള്ള പോസിറ്റീവ് പ്രകോപനം ആണെന്നാണ് പുതിയ വാച്ചിനെക്കുറിച്ച് 'സ്വാച്ച്' വക്താവ് അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിനോട് പ്രതികരിച്ചത്. തീരുവയില്‍ മാറ്റംവരുത്തുകയോ യുഎസും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ഒരു കരാറിലെത്തുകയോ ചെയ്താല്‍ ഈ മോഡലിന്റെ വില്‍പന നിര്‍ത്തുമെന്നും 'സ്വാച്ച്' വക്താവ് പറഞ്ഞു. പ്രസ്തുത മോഡല്‍ വാച്ചിന് വന്‍ ഡിമാന്‍ഡുള്ളതിനാല്‍ തങ്ങള്‍ ഉത്പാദനവുമായി മുന്നോട്ടുപോവുകയാണെന്നും ഈ വിഷയം മറന്നുപോയെന്ന് തോന്നുന്ന നമ്മുടെ സര്‍ക്കാരിനെ നാം ഉണര്‍ത്തേണ്ടതുണ്ടെന്നും 'സ്വാച്ച്' വ്യക്തമാക്കി. 

സ്വിസ് വാച്ചുകളുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. കഴിഞ്ഞവര്‍ഷം മാത്രം 5.4 ബില്യണ്‍ ഡോളറിന്റെ സ്വിസ് വാച്ചുകളാണ് യുഎസിലേക്ക് കയറ്റി അയച്ചത്. ഇതിനിടെയായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡിനെ അമ്പരപ്പിച്ച് ട്രംപ് ഭരണകൂടം 39 ശതമാനം തീരുവ ചുമത്തിയത്.