
വാഷിങ്ടണ്‍: നവംബര്‍ അഞ്ചിന് നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നാസയുടെ ബഹിരാകാശശാസ്ത്രജ്ഞ സുനിതാവില്യംസും സഹയാത്രികന് ബുച്ച് വില്‍മോറും.
ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്രബഹിരാകാശനിലയത്തില്നിന്ന് (ഐ.എസ്.എസ്.), വെള്ളിയാഴ്ച നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ''പൗരര്‍ എന്നനിലയില്‍ വോട്ടുചെയ്യല്‍ സുപ്രധാനമായ കടമയാണ്. ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യല്‍ രസകരമായിരിക്കും'' -സുനിത പറഞ്ഞു. വോട്ടുചെയ്യാനുള്ള അപേക്ഷ നല്‍കിയെന്നും നടപടിക്രമങ്ങള്‍ നാസ എളുപ്പമാക്കുമെന്നാണ് കരുതുന്നതെന്നും വില്‍മോറും പറഞ്ഞു. എന്നാല്‍, പിന്തുണ ഡൊണാള്‍ഡ് ട്രംപിനോ കമലാ ഹാരിസിനോ എന്നത് വ്യക്തമാക്കിയില്ല.
സുനിതയ്ക്കും വില്‍മോറിനും വോട്ടുചെയ്യുന്നതിനുള്ള അവസരമൊരുക്കാന്‍ നാസയുമായി ചേര്‍ന്ന് ശ്രമംനടത്തുകയാണെന്ന് ടെക്സസിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1997-ല്‍ യു.എസ്. സംസ്ഥാനമായ ടെക്സസ് ആണ് നാസയിലെ ഉദ്യോഗസ്ഥര്‍ക്ക് ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാന്‍ അനുവദിക്കുന്ന നിയമം ആദ്യം പാസാക്കിയത്.
അക്കൊല്ലം 'മിര്‍' ബഹിരാകാശനിലയത്തില്‍നിന്ന് വോട്ടുചെയ്ത നാസയുടെ ഡേവിഡ് വോള്‍ഫാണ് ബഹിരാകാശത്തുനിന്ന് വോട്ടുചെയ്ത ആദ്യവ്യക്തി. 2020-ല്‍ ഐ.എസ്.എസില്‍നിന്ന് നാസയുടെ കെയ്റ്റ് റൂബിന്‍സും അപ്രകാരം വോട്ടുചെയ്തിരുന്നു.
ബഹിരാകാശനിലയത്തില്‍ കൂടുതല്‍ സമയം ചെലവിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സുനിതയും വില്‍മോറും പറഞ്ഞു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വളര്‍ത്തുനായയെയും കാണാന്‍ കൊതിയുണ്ടെന്ന് സുനിത അറിയിച്ചു.
ജൂണ്‍ അഞ്ചിന് ഇവര്‍ ബഹിരാകാശത്തേക്കുപോയ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് ഹീലിയം ചോര്‍ച്ച, ത്രസ്റ്റര്‍ പരാജയം അടക്കമുള്ള പ്രശ്നങ്ങള്‍ നേരിട്ടതോടെയാണ് ഇരുവരുടെയും മടക്കം അനിശ്ചിതത്വത്തിലായത്.
സുരക്ഷയെക്കരുതി സുനിതയും വില്‍മോറുമില്ലാതെ സ്റ്റാര്‍ലൈനറിനെ കഴിഞ്ഞയാഴ്ച ഭൂമിയിലേക്ക് തിരിച്ചിറക്കിയിരുന്നു. 2025 ഫെബ്രുവരിയില്‍ സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിലാണ് ഇരുവരും മടങ്ങുക.
Content Highlights: Sunita Williams Press Conference From Space
Published: 15 Sept 2024, 07:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented