
റിയാദ്: സൗദി അറേബ്യയും പാകിസ്താനും നിർണായക പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കപ്പെടും എന്നതാണ് ഈ ഉഭയകക്ഷി കരാറിലെ ഒരു പ്രധാന വ്യവസ്ഥ. സൗദി കിരീടാവകാശിയുടെ റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരു രാഷ്ട്രത്തലവൻമാരും തമ്മിലുള്ള കൂടിക്കാഴ്ച.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് പാക് പ്രധാനമന്ത്രി ബുധനാഴ്ച റിയാദ് സന്ദർശിച്ചതെന്ന് ഒരു സംയുക്ത പ്രസ്താവനയിൽ പറയുന്നു. സൗദി അറേബ്യയും പാകിസ്താനും തമ്മിലുള്ള എട്ട് പതിറ്റാണ്ടായി നീണ്ടുനിൽക്കുന്ന ചരിത്രപരമായ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് പ്രതിരോധ ഉഭയകക്ഷി കരാർ തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദര്യത്തിന്റെയും ഇസ്ലാമിക ഐക്യദാർഢ്യത്തിന്റെയും പരസ്പരബന്ധവും ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ താൽപര്യങ്ങളും പ്രതിരോധ സഹകരണവും കരാറിൽ പ്രതിഫലിക്കുന്നതായും പ്രസ്താവന വ്യക്തമാക്കുന്നു.
തങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും പ്രാദേശികമായും ആഗോളതലത്തിലും സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഈ കരാർ, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ വിവിധ വശങ്ങൾ വികസിപ്പിക്കാനും ഏത് ആക്രമണത്തിനും എതിരെ സംയുക്തപ്രതിരോധം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കപ്പെടുമെന്ന് കരാർ വ്യക്തമാക്കുന്നതായി പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു. കൂടിക്കാഴ്ചയുടെ പുറത്തുവന്ന ഒരു ചിത്രത്തിൽ ഷെരീഫിനും സൗദി കിരീടാവകാശിക്കുമൊപ്പം പാക് സൈനിക മേധാവി അസിം മുനീറിനെയും കാണാം.
സൗദി അറേബ്യയും പാകിസ്താനും തമ്മിൽ പരസ്പര പ്രതിരോധ കരാർ ഒപ്പിട്ടതായുള്ള റിപ്പോർട്ടുകൾ കണ്ടതായും രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും പ്രാദേശികവും ആഗോളവുമായ സ്ഥിരതയ്ക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുമെന്നും ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ മേഖലകളിലും സമഗ്രമായ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെയും അതിന് ഇന്ത്യ നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിനെയും തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ കരാർ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. നിലവിൽ സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഈ വർഷം ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റിയാദ് സന്ദർശന വേളയിൽ പഹൽഗാമിലെ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിരുന്നു.
ഒരു കാരണവശാലും ഭീകരവാദത്തിന്റെ ഒരു പ്രവൃത്തിയെയും ന്യായീകരിക്കാനാവില്ല എന്ന വിഷയത്തിൽ ഇരുകൂട്ടരും യോജിച്ചതായി ഒരു സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ അപലപിക്കുകയും, മറ്റ് രാജ്യങ്ങൾക്കെതിരെ ഭീകരവാദം ഉപയോഗിക്കുന്നത് പ്രതിരോധിക്കാനും ഭീകരവാദപ്രവർത്തനങ്ങളുടെ ആസ്ഥാനങ്ങൾ തകർക്കാനും, ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തതായും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി മോദി മൂന്ന് തവണ സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ട് 2016-ൽ അദ്ദേഹത്തിന് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കിങ് അബ്ദുൾ അസീസ് സാഷ് നൽകി ആദരിക്കുകയും ചെയ്തു.
Content Highlights: Saudi Arabia and Pakistan signed a key defense agreement
Published: 18 Sept 2025, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented