വാഷിങ്ടൺ: റിലയൻസ് ഇൻഡ്‌സ്ട്രീസിന്റെ നിക്ഷേപത്തിൽ യുഎസിൽ പുതിയ എണ്ണ ശുദ്ധീകരണ ശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അമ്പതുവർഷത്തിനിടെ യുഎസിൽ ആദ്യമായി പുതിയ എണ്ണ ശുദ്ധീകരണശാല തുറക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ടെക്‌സാസിലെ ബ്രൗൺസ്‌വില്ലിയിലാകും പുതിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ വലിയ നിക്ഷേപം നടത്തുന്നതിന് ഇന്ത്യയിലെ പങ്കാളികൾക്കും പ്രത്യേകിച്ച് ഏറ്റവും വലിയ ഊർജ കമ്പനിയായ റിലയൻസിനും നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു.
'അമേരിക്ക ഫസ്റ്റ് റിഫൈനിങ്' എന്ന കമ്പനിക്ക് കീഴിലാണ് ടെക്‌സാസിൽ പുതിയ എണ്ണശുദ്ധീകരണ ശാല ആരംഭിക്കുന്നത്. 2024-ൽ ദിനംപ്രതി 1,60,000 ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'എലമെന്റ് ഫ്യൂവൽസ്' എന്ന പദ്ധതിയാണ് പുതിയ പേരിൽ വരുന്നതെന്നാണ് റിപ്പോർട്ട്. ഈ വർഷം രണ്ടാംപാദത്തിൽ തന്നെ പുതിയ എണ്ണശുദ്ധീകരണശാലയുടെ ശിലാസ്ഥാപനം നിർവഹിക്കും. ഇവിടെനിന്നുള്ള ഇന്ധനവിൽപ്പനയ്ക്കായി 20 വർഷത്തെ കരാറിൽ ഇതിനോടകം ഒപ്പുവെച്ചിട്ടുണ്ടെന്നും പറയുന്നു. ഈ കരാറിൽ റിലയൻസും ഭാഗമാണെന്നാണ് വിവരം. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ചോ യുഎസിലെ നിക്ഷേപത്തെക്കുറിച്ചോ റിലയൻസ് പ്രതിനിധികൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഊർജമേഖലയിൽ യുഎസിന്റെ മേധാവിത്വം ഉറപ്പാക്കുക എന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായാണ് ടെക്‌സാസിലെ പുതിയ എണ്ണശുദ്ധീകരണ ശാല സ്ഥാപിക്കുന്നത്. യുഎസിൽ നിലവിലുള്ള ഭൂരിഭാഗം എണ്ണശുദ്ധീകരണ ശാലകളും വളരെയേറെ പഴക്കമുള്ളവയാണ്. മാത്രമല്ല, ഇവയിൽ ചിലതെല്ലാം അടുത്തകാലത്ത് അടച്ചപൂട്ടുകയുംചെയ്തു. പരിസ്ഥിതി അനുമതികളടക്കമുള്ള പ്രശ്‌നങ്ങൾ കാരണം കുറേ വർഷങ്ങളായി പുതിയ എണ്ണശുദ്ധീകരണ ശാലകൾ ആരംഭിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഇതിനിടെയാണ് ടെക്‌സാസിൽ എല്ലാ അനുമതികളും നേടി പുതിയ എണ്ണശുദ്ധീകരണ ശാല വരുന്നത്. ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് എണ്ണവില കുത്തനെ കൂടുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
Content Highlights: Reliance Industries investing in a new US oil refinery in Brownsville, Texas., First new refinery in the US in 50 years under the America First Refining brand., Project aims to refine 160,000 barrels per day., Strategic move to boost US energy dominance amid global price volatility.
Published: 11 Mar 2026, 10:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented