വാഷിങ്ടണ്‍: ആഗോളവിപണി ആശങ്കയോടെ കാത്തിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കപ്രഖ്യാപനം ബുധനാഴ്ച. ഇറക്കുമതിചെയ്യുന്ന മൂന്നുലക്ഷംകോടി ഡോളറിന്റെ ഉത്പന്നങ്ങളില്‍ ഭൂരിഭാഗത്തിനും 20 ശതമാനം തീരുവയാകും ട്രംപ് ചുമത്തുകയെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ടുചെയ്തു. പകരച്ചുങ്കം സംബന്ധിച്ച വൈറ്റ്ഹൗസിന്റെ കരടുരേഖ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടാണിത്. 

To advertise here,

എന്നാല്‍, നൂറുശതമാനത്തിലധികം തീരുവയുള്ള ഉത്പന്നങ്ങള്‍ക്കും 20 ശതമാനംതന്നെയാകുമോ പകരച്ചുങ്കമെന്ന കാര്യം വ്യക്തമല്ല. അതേസമയം, തീരുവക്കാര്യത്തില്‍ താന്‍ ദയാലുവായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎസിനെ എല്ലാരാജ്യങ്ങളും കാലങ്ങളായി ചതിക്കുകയായിരുന്നെന്നും ട്രംപ് പറഞ്ഞു. അധികാരത്തിലേറിയതിനുപിന്നാലെ, കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്തി ട്രംപ് വ്യാപാരയുദ്ധത്തിന് തുടക്കമിട്ടിരുന്നു.

അതേസമയം, യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ഇന്ത്യ ഗണ്യമായി കുറയ്ക്കാന്‍ പോകുന്നെന്നാണ് താന്‍ അറിഞ്ഞതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവര്‍ എന്തുകൊണ്ട് ഇത് നേരത്തേ ചെയ്തില്ലെന്നും ട്രംപ് ചോദിച്ചു.യുഎസിന്റെ പകരച്ചുങ്കം രാജ്യങ്ങളെ ചൈനയ്‌ക്കൊപ്പം ചേരാന്‍ നിര്‍ബന്ധിതരാക്കുമോയെന്നു ചോദിച്ചപ്പോള്‍ തനിക്ക് അത്തരം ആശങ്കയില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസിനുമേല്‍ വര്‍ഷങ്ങളായി നീതിപൂര്‍വമല്ലാതെ തീരുവ ചുമത്തുന്ന പലരാജ്യങ്ങളും അതു കുറയ്ക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് നിര്‍മിത കാറുകള്‍ക്കുള്ള തീരുവ യൂറോപ്യന്‍ യൂണിയന്‍ ഇതിനകം 2.5 ശതമാനം കുറച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. പകരച്ചുങ്കത്തിനുപുറമേ വാഹനങ്ങള്‍ക്കുള്ള 25 ശതമാനം ഇറക്കുമതിത്തീരുവയും വെനസ്വേലയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്കുള്ള 25 ശതമാനം ഇറക്കുമതിത്തീരുവയും ബുധനാഴ്ച പ്രാബല്യത്തിലാകും. ആഗോളവിപണിയെ പിടിച്ചുലയ്ക്കാന്‍പോന്ന പ്രഖ്യാപനത്തെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. തീരുമാനം യുഎസിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ഏപ്രില്‍ രണ്ട് 'വിമോചനദിന'മായിരിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.

Also Read |പകരച്ചുങ്കം: ഏതൊക്കെ ഓഹരികളെ ബാധിക്കും? ഏതൊക്കെ സെക്ടറുകള്‍ നേട്ടമുണ്ടാക്കും?

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവ ചുമത്തുന്നത് അവിടങ്ങളിലേക്കുള്ള യുഎസിന്റെ കയറ്റുമതി അസാധ്യമാക്കിയെന്ന് വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിന്‍ ലീവിറ്റ് കുറ്റപ്പെടുത്തിയിരുന്നു. ''യുഎസില്‍നിന്നുള്ള പാലുത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 50 ശതമാനം തീരുവ ചുമത്തുന്നു. ജപ്പാന്‍ അമേരിക്കന്‍ അരിക്ക് ചുമത്തുന്നത് 700 ശതമാനമാണ്. ഇന്ത്യയാകട്ടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് 100 ശതമാനവും കാനഡ വെണ്ണയ്ക്കും ചീസിനും 300 ശതമാനവും തീരുവ ചുമത്തുന്നു. ചരിത്രപരമായ മാറ്റംകൊണ്ടുവരാന്‍, അമേരിക്കന്‍ ജനതയ്ക്കായി ശരിയായതു ചെയ്യാന്‍ പ്രസിഡന്റ് ട്രംപിനുള്ള അവസരമാണിത്'' -ലീവിറ്റ് പറഞ്ഞു.