വത്തിക്കാൻ സിറ്റി: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ പോപ്‌മൊബീല്‍ എന്നറിയപ്പെടുന്ന ഔദ്യോഗിക വാഹനം ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ ഗാസയിലെ കുഞ്ഞുങ്ങൾക്കുള്ള മൊബൈൽ ഹെൽത്ത് ക്ലിനിക്കാകും. മാർപാപ്പയുടെ അന്ത്യാഭിലാഷമായിരുന്നു ഇതെന്ന്‌ വത്തിക്കാന്‍ അറിയിച്ചു.

To advertise here,

ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ ആരോഗ്യ സംവിധാനങ്ങൾ ഏതാണ്ട് പൂർണ്ണമായും തകർന്നനിലയിലാണെന്നും ഈ അവസരത്തിൽ പോപ് ഫ്രാൻസിസിന്റെ തീരുമാനം ജീവൻരക്ഷാ ഇടപെടലാണെന്നും വത്തിക്കാൻ വൃത്തങ്ങൾ പ്രതികരിച്ചു. ഗാസയ്ക്ക് നൽകുന്നത് കേവലമൊരു വാഹനം മാത്രമല്ല. ലോകം മുറിവേറ്റ കുഞ്ഞുങ്ങളെ മറക്കുന്നില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും പോപ്‌മൊബീല്‍ കൈമാറാനുള്ള ചുമതല വഹിക്കുന്ന കാരിത്താസ് സ്വീഡൻ സെക്രട്ടറി ജനറൽ പീറ്റർ ബ്രൂണെ പറഞ്ഞു. 

അതിവേഗത്തിലുള്ള പരിശോധനാ സംവിധാനം, വാക്സിനേഷൻ സൗകര്യം, രോഗപരിശോധനാ ഉപകരണങ്ങൾ, തുന്നൽക്കിറ്റുകൾ, ഡോക്ടർമാർ ഉൾപ്പെടെ മെഡിക്കൽ സ്റ്റാഫുകൾ അടക്കമുള്ള സൗകര്യങ്ങൾ പോപ്‌മൊബീലിൽ ഒരുക്കും. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് അനുവദിക്കുന്ന ഘട്ടത്തിൽ ഹെൽത്ത് ക്ലിനിക്ക് പ്രവർത്തനമാരംഭിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.