വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടർന്ന് റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ന്യുമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് 'സെപ്സിസ്' എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ രോഗം അലട്ടുകയാണെന്നും മാര്‍പാപ്പയുടെ രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനാല്‍ വെള്ളിയാഴ്ച അദ്ദേഹത്തിന് രക്തംമാറ്റിവെച്ചിരുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു.
ഫെബ്രുവരി 14 നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലും കടുത്ത അണുബാധ വ്യാപിക്കുകയായിരുന്നു. രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുന്ന 'ത്രോംബോസൈറ്റോഫീനിയ' എന്ന അവസ്ഥയോടൊപ്പം വിളര്‍ച്ചയും ബാധിച്ചതിനാലാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാത്തതെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യനില ഗുരുതരമാണെങ്കിലും അദ്ദേഹം കിടപ്പിലല്ലെന്നും അധികസമയവും ചാരുകസേരയില്‍ വിശ്രമിക്കുകയാണെന്നും അതേ സമയം കൂടുതല്‍ ക്ഷീണിതനായാണ് കാണപ്പെടുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച കുര്‍ബാനയ്ക്ക പങ്കെടുക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യനില മോശമാണെങ്കിലും ആശുപത്രി മുറിക്കുള്ളിലിരുന്ന് മാര്‍പാപ്പ തന്റെ ചുമതലകള്‍ പരമാവധി നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ഡോക്ടര്‍ സെര്‍ഗൈയോ ആല്‍ഫേറിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ നിരന്തരനിരീക്ഷണത്തിലാണ് മാര്‍പാപ്പ ആശുപത്രിയില്‍ കഴിയുന്നത്. മാര്‍പാപ്പയ്ക്ക് വെന്റിലേറ്ററിന്റെ സഹായം നല്‍കിയിട്ടില്ലെന്നും ശ്വാസതടസ്സമുള്ളതിനാല്‍ പരിമിതമായി മാത്രയേ ശരീരചലനം നടത്തുന്നുള്ളുവെന്നും ഡോ.സെര്‍ഗൈയോ ആല്‍ഫേറി അറിയിച്ചു. ഈയവസ്ഥയിലും മാര്‍പാപ്പ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നര്‍മ്മസംഭാഷണം തുടരുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍പാപ്പയുടെ ആരോഗ്യനിലയെ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ജെമെല്ലൈ ആശുപത്രിയ്ക്ക് പുറത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. മാര്‍പാപ്പയുടെ ആരോഗ്യത്തിനായി മെഴുകുതിരികള്‍ കൊളുത്തിയും സങ്കീര്‍ത്തനങ്ങള്‍ ചൊല്ലിയും കന്യാസ്ത്രീകളും പുരോഹിതന്മാരും ആശുപത്രിയ്ക്ക് പുറത്ത് കഴിയുകയാണ്. മാര്‍പാപ്പ ആരോഗ്യവാനായി മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷ റോമിലെത്തുന്ന തീര്‍ഥാടകരും പങ്കുവെച്ചു.
രോഗാവസ്ഥയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞേക്കുമെന്നുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 2013 ല്‍ ബെനഡിക്ട് നാലാമന് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞതിനെ ചൂണ്ടിക്കാട്ടിയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയരുന്നത്. എന്നാല്‍ കതോലിക്കസഭയുടെ നേതൃസ്ഥാനത്ത് ആജീവനാന്തം തുടരുന്നത് തന്റെ പ്രതിബദ്ധതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വത്തിക്കാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദിനാള്‍ സ്റ്റേറ്റ് സെക്രട്ടറി പിയത്രോ പറോലിലാണ് നേതൃത്വം നല്‍കുന്നത്. 2025 വിശുദ്ധവര്‍ഷമായി ആചരിക്കുന്നതിനാല്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ അടുത്തിടെ നടക്കുന്ന കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പകരം ആര്‍ച്ച് ബിഷപ് റീനോ ഫിസിക്കെല്ല നേതൃത്വം നല്‍കും.
Content Highlights: Pope Francis hospitalized with pneumonia in Rome.His condition is serious but stable.
Published: 23 Feb 2025, 06:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented