വത്തിക്കാന്‍ സിറ്റി: 'ഹബേമുസ് പാപ്പാം'.. 'നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു...'സിസ്റ്റീന്‍ ചാപ്പലില്‍ നിന്നുയര്‍ന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാൻസിസ് പ്രേവോ തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം ഇനി മുതല്‍ ലിയോ പതിനാലാമന്‍ എന്നറിയപ്പെടും. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോ . 

To advertise here,

1955 സെപ്റ്റംബര്‍ 14-ന് ചിക്കാഗോയില്‍ ലൂയിസ് മാരിയസ് പ്രേവോയുടേയും മില്‍ഡ്രഡ് മാര്‍ട്ടിനെസിന്റെയും മകനായി ജനിച്ചു. പിതാവ് ഫ്രഞ്ച്, ഇറ്റാലിയന്‍ വംശജനായ നാവിക സേനാ ഉദ്യോഗസ്ഥനും മാതാവ് സ്പാനിഷ് വംശജയായ ലൈബ്രേറിയനുമായിരുന്നു.രണ്ട് സഹോദരന്മാരുണ്ട്. അദ്ദേഹത്തിന് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളില്‍ പരിജ്ഞാനമുണ്ട്, കൂടാതെ ലാറ്റിന്‍, ജര്‍മ്മന്‍ ഭാഷകള്‍ വായിക്കാനും കഴിയും. കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോ  1973-ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ മൈനര്‍ സെമിനാരിയില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. 1977-ല്‍ വില്ലനോവ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി.

പുരോഹിതനാകാന്‍ തീരുമാനിച്ച പ്രേവോ, 1977 സെപ്റ്റംബറില്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ സന്ന്യാസ സഭയില്‍ ചേര്‍ന്നു. 1978 സെപ്റ്റംബറില്‍ തന്റെ ആദ്യ വ്രതം എടുത്തു, 1981 ഓഗസ്റ്റില്‍ നിത്യ വ്രതം സ്വീകരിച്ചു. അടുത്ത വര്‍ഷം, 1982-ല്‍, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി. 1982-ല്‍ പുരോഹിതനായി മൂന്ന് വര്‍ഷത്തിന് ശേഷം 30 ാം വയസ്സില്‍ പെറുവിലേക്ക് കര്‍മ മണ്ഡലം മാറിയെങ്കിലും യുഎസിലേക്ക് മടങ്ങിവരിക പതിവായിരുന്നു. 

1984-ല്‍ റോമിലെ പൊന്തിഫിക്കല്‍ കോളേജ് ഓഫ് സെന്റ് തോമസ് അക്വിനാസില്‍ നിന്ന് കാനന്‍ നിയമത്തിൽ ലൈസന്‍ഷ്യേറ്റും 1987-ല്‍ കാനന്‍ നിയമത്തില്‍ പി.എച്ച്ഡിയും  നേടി.

1985-1986, 1988-1998 കാലഘട്ടങ്ങളില്‍ പെറുവില്‍ ഇടവക വികാരിയായും, സെമിനാരി അധ്യാപകനായും, അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1985 മുതല്‍ 1986 വരെ ചുലുക്കാനാസിന്റെ ടെറിട്ടോറിയല്‍ പ്രെലാച്വറിന്റെ ചാന്‍സലറായി സേവനമനുഷ്ഠിച്ചു. 1987-ല്‍ ചിക്കാഗോയിലെ ആഗസ്റ്റീനിയന്‍ പ്രോവിന്‍സിന്റെ വൊക്കേഷന്‍ പാസ്റ്ററായും മിഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

1988-ല്‍ അദ്ദേഹം പെറുവിലേക്ക് മടങ്ങി, അടുത്ത പത്ത് വര്‍ഷം ട്രൂജിയോയിലെ ഓഗസ്റ്റീനിയന്‍ സെമിനാരിയുടെ തലവനായി. ഡയോസിസന്‍ സെമിനാരിയില്‍ കാനന്‍ ലോ പഠിപ്പിച്ച അദ്ദേഹം, പ്രീഫെക്ടായും പ്രവര്‍ത്തിച്ചു. ട്രൂജിയോയിലെ പ്രാദേശിക എക്ലിസിയാസ്റ്റിക്കല്‍ കോടതിയുടെ ജഡ്ജി, ട്രൂജിയോയുടെ കോളേജ് ഓഫ് കണ്‍സള്‍ട്ടേഴ്സിന്റെ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2013 വരെ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്റെ പ്രിയോര്‍ ജനറലായും പ്രവര്‍ത്തിച്ചു. 2015 മുതല്‍ 2023 വരെ പെറുവിലെ ചിക്ലായോയുടെ ബിഷപ്പായും, സേവനമനുഷ്ടിച്ചു.  2015-ലാണ് പെറുവിന്റെ പൗരത്വം സ്വീകരിച്ചത്. 2023-ൽ കര്‍ദിനാളായി ഉയർത്തപ്പെട്ടു. 2023 മുതല്‍ ഡികാസ്റ്ററി ഫോര്‍ ബിഷപ്പ്സിന്റെ പ്രീഫെക്ടും പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു. 

ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന പ്രധാന ദൗത്യമുള്ള  ഡികാസ്റ്ററി ഫോര്‍ ബിഷപ്പ്സിന്റെ പ്രീഫെക്ടായിരുന്ന കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോ കര്‍ദിനാള്‍മാര്‍ക്കിടയില്‍ സുപരിചിതനായിരുന്നു. ബിഷപ്പാക്കാനുള്ളവരുടെ നാമനിര്‍ദ്ദേശങ്ങള്‍ മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിക്കുന്ന വോട്ടിംഗ് ബ്ലോക്കില്‍ മൂന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയ  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളിലൊന്നില്‍ അദ്ദേഹം പങ്കാളിയായി: 

കോണ്‍ക്ലേവ് കൂടി രണ്ടാം ദിനം നടന്ന നാലാമത്തെ വോട്ടെടുപ്പിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നുവോ എന്ന് അദ്ദേഹത്തോട് സമ്മതം ചോദിച്ച ശേഷം എല്ലാ കര്‍ദിനാള്‍മാരും നിയുക്ത പാപ്പായോടുള്ള വിധേയത്വം പ്രഖ്യാപിച്ചു. തുടര്‍ന്ന് അദ്ദേഹം ലിയോ 14 ാമന്‍ എന്ന നാമം തിരഞ്ഞെടുക്കുകയും പാപ്പായുടെ സ്ഥാനവസ്ത്രങ്ങള്‍ അണിയുകയും ചെയ്തു. ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനായ ഫ്രഞ്ചുകാരനായ കര്‍ദിനാള്‍ ഡൊമിനിക് മാംബെര്‍ട്ടിയാണ് പാപ്പയെ തിരഞ്ഞെടുത്തകാര്യം 'ഹബേമൂസ് പാപ്പാം' (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിച്ചത്. തുടര്‍ന്നു നിയുക്ത പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ആശീര്‍വാദം (ഉര്‍ബി എത്ത് ഓര്‍ബി) നല്‍കി. 'നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ' എന്നായിരുന്നു ബസിലിക്കയുടെ ബാല്‍ക്കണിയിലെത്തി പോപ്പ് എന്നനിലയിലെ വിശ്വാസികളോടുള്ള  ലിയോ പതിനാലാമന്റെ ആദ്യവാക്കുകള്‍.

പെറുവില്‍ മിഷനറിയായി നിരവധി വര്‍ഷങ്ങള്‍ ചെലവഴിച്ചതിനാലും നിലവില്‍ പെറു പൗരത്വമുള്ളതിനാലും അദ്ദേഹത്തെ ലാറ്റിന്‍ അമേരിക്കക്കാരനായും കണക്കാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ലാറ്റിന്‍ അമേരിക്കന്‍ പശ്ചാത്തലം സഭയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ക്ക് തുടര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.