എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷ, സമുദ്രസുരക്ഷ, പശ്ചിമേഷ്യൻ സമാധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള വ്യാപാരം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാണിച്ചു.

To advertise here,

“ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഹോർമുസ് കടലിടുക്ക് തുറന്നുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഇന്ത്യ എപ്പോഴും എടുത്തുപറഞ്ഞിട്ടുള്ളതാണ്. ഈ വിഷയത്തിൽ നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണം.”- പ്രധാനമന്ത്രി മോദി പറഞ്ഞു. ഒപ്പം, ഇന്ത്യൻ നാവികരുടെ സുരക്ഷാ വിഷയം അദ്ദേഹം ചർച്ചയിൽ ഉന്നയിക്കുകയും അതിനുള്ള പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. “ഹോർമുസ് കടലിടുക്ക് ഉൾപ്പെടെ ലോകമെമ്പാടും ലക്ഷക്കണക്കിന് നാവികർ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ നാവികരുടെ സുരക്ഷയും ഒരുപോലെ പ്രധാനമാണ്.”- മോദി കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി മോദി നേതൃത്വത്തിൽ ഉള്ളിടത്തോളം കാലം പശ്ചിമേഷ്യയിൽ ഇന്ത്യയ്ക്ക് വലിയൊരു പങ്കുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിൽ പ്രധാനമന്ത്രി മോദി നൽകിയ സംഭാവനകളെയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. അമേരിക്കയിൽ ഇന്ത്യ നടത്തുന്ന നിക്ഷേപങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള വ്യക്തിപരമായ സൗഹൃദത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു.

ചൊവ്വാഴ്ച നടന്ന ജി-7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും ആദ്യം കണ്ടുമുട്ടിയതും സൗഹൃദം പങ്കുവെച്ചതും. 16 മാസങ്ങൾക്ക് ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. നേരത്തേ, വ്യാപാര നികുതി തർക്കങ്ങളാൽ ഇന്ത്യ-യു.എസ്. നയതന്ത്രബന്ധം ഉലഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണവും ബന്ധത്തെ ബാധിച്ചു. ഈ പശ്ചാത്തലത്തിൽ സുപ്രധാന ചുവടുവെപ്പാണ് പുതിയ കൂടിക്കാഴ്ച.