ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തിന് അന്ത്യശാസനം നൽകി പാകിസ്താൻ. തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) എന്ന സംഘടനയെ നിന്ത്രിക്കാൻ താലിബാൻ തയ്യാറാകാത്തതിലും അതിർത്തി കടന്നുള്ള ഭീകരവാദ ആക്രമണങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് പാകിസ്താന്റെ അന്തിമശാസന.
പാക് സുരക്ഷാ സേനയുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള ഒത്തുതീർപ്പിനു തയ്യാറാവുക, അല്ലെങ്കിൽ ഇസ്ലാമാബാദിന്റെ പിന്തുണയോടെ കാബൂളിലെ ഭരണത്തെ അട്ടിമറിക്കുന്ന ബദൽ രാഷ്ട്രീയ ശക്തിയെ നേരിടുക എന്നാണ് പാകിസ്താന്റെ അന്ത്യശാസനയെന്ന് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ ഭരണകൂടവുമായി പാക് സർക്കാരിന്റെ സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമശാസന പുറപ്പെടുവിച്ചിരിക്കുന്നത്. തുർക്കി മധ്യസ്ഥർ വഴിയാണ് താലിബാൻ ഭരണകൂടത്തിന് പാകിസ്താൻ അന്ത്യശാസനകൈമാറിയിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം താലിബാൻ ദൃഢപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനിടെയാണ് താലിബാനുമായി പാകിസ്താൻ ഇടയുന്നത്. അഫ്ഗാനിസ്താനുമായുള്ള ദീർഘകാലത്തെ നയതന്ത്രബന്ധം പുനഃപരിശോധിക്കാൻ ഇത് നിർബന്ധിതരാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
താലിബാൻ സുരക്ഷാ ഭീഷണി ഉയർത്തുന്നതു പോലെത്തന്നെ അഫ്ഗാനിസ്താന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഒരു കെണിയാണ് പാകിസ്താൻ കാണുന്നത്. അതുകൊണ്ട് തന്നെ അഫ്ഗാനിനകത്തും പുറത്തും താലിബാൻ വിരുദ്ധ രാഷ്ട്രീയ നേതാക്കളുമായിപാകിസ്താൻ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നത്.
താലിബാൻ വിരുദ്ധ നേതാക്കളുമായി ഇതിനകം തന്നെ പാകിസ്താൻ ബന്ധം സ്ഥാപിച്ചു തുടങ്ങിയതായി ഉന്നതവൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാൻ ജനാധിപത്യ, പ്രതിപക്ഷ നേതാക്കളുമായി പാകിസ്താൻ ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്. ഹമീദ് കർസായി, അഷ്‌റഫ് ഘനി, അഹമ്മദ് മസൂദ് (നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട്), അബ്ദുൾ റാഷിദ് ദോസ്തം, അഫ്ഗാനിസ്താൻ ഫ്രീഡം ഫണ്ട് അംഗങ്ങൾ തുടങ്ങിയവരെ ഇന്റലിജൻസ് വിഭാഗം ബന്ധപ്പെട്ടതായാണ് വിവരം.
താലിബാൻ വിരുദ്ധ നേതാക്കൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും പാകിസ്താൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അഫ്ഗാൻ ജനാധിപത്യ പ്രക്രിയയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹിക്കുന്ന, നാടുകടത്തപ്പെട്ട വനിതാ നേതാക്കൾ, ആക്ടിവിസ്റ്റുകൾ, ജനാധിപത്യ അനുകൂല സംഘടനകൾക്കും പാകിസ്താന്റെ വാഗ്ദാനങ്ങൾ ബാധകമാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Pakistan Issues Ultimatum to Taliban: Demands Action on TTP, Border Terrorism
Published: 21 Nov 2025, 02:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented