ജനീവ: ഐക്യരാഷ്ട്രസഭ(യുഎന്)യുടെ ചര്ച്ചാവേദിയില് നാണംകെട്ട് പാകിസ്താന്. ഖത്തറില് ഇസ്രയേല് നടത്തിയ ആക്രമണത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ ചര്ച്ച ചെയ്യുന്നതിനിടെയാണ് പാകിസ്താന് കടുത്ത അപമാനം നേരിടേണ്ടിവന്നത്. ഭീകരവാദികള്ക്ക് ഖത്തര് അഭയം നല്കുന്നുവെന്ന് അഭിഭാഷകനും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സന്നദ്ധ സംഘടനയായ യുഎന് വാച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഹില്ലല് നൂയര് ആരോപിക്കുന്നതിനിടെയാണ് സംഭവം. ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ച ഹമാസിന്റെ രാഷ്ട്രീയകാര്യാലയം 2012 മുതല് ഖത്തറിലാണ് പ്രവര്ത്തിക്കുന്നത്.
ഖത്തറിനെതിരെ നടത്തിയ ആക്രമണത്തിന് ഇസ്രയേലിനെ അപലപിച്ചതിന് യുഎന് മേധാവിക്കെതിരെയും നൂയര് ആഞ്ഞടിച്ചു. 2011-ല് പാകിസ്താനില്വെച്ച് ഭീകരസംഘടനയായ അല് ഖായിദയുടെ തലവന് ഒസാമ ബിന് ലാദനെ അമേരിക്ക വധിച്ചപ്പോള്, അന്നത്തെ യുഎന് മേധാവി 'നീതി നടപ്പായി' എന്ന് പറഞ്ഞിരുന്നുവെന്ന് നൂയര് ഓര്മ്മിപ്പിച്ചു. ബിന് ലാദനെയും പാകിസ്താനെയും കുറിച്ച് നൂയര് പരാമര്ശിച്ചതില് രോഷാകുലനായ പാക് പ്രതിനിധി നൂയറുടെ സംഭാഷണം തടസ്സപ്പെടുത്തി.
യുഎന് ചാര്ട്ടറിന്റെ തത്വങ്ങളോ പരമാധികാര അംഗരാജ്യങ്ങളുടെ പ്രാദേശിക അഖണ്ഡതയോ ഒരു പ്രഭാഷകനും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി(യുഎന്എച്ച്ആര്സി) അധ്യക്ഷനോട് ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും തങ്ങള് തള്ളിക്കളയുന്നുവെന്ന് പാകിസ്താന് പ്രതിനിധി പറഞ്ഞു.പ്രസംഗം പൂര്ത്തിയാക്കാന് നാല് സെക്കന്ഡ് സമയം കൂടി നൂയറിന് ബാക്കിയുണ്ടെന്ന് യുഎന്എച്ച്ആര്സി അധ്യക്ഷന് ഓര്മ്മിപ്പിച്ചു. ഭീകരവാദത്തിന്റെ മറ്റൊരു ഭരണകൂട സ്പോണ്സറാണ് പാകിസ്താനെന്ന് പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് നൂയര് പറഞ്ഞു. അതോടെ പാക് പ്രതിനിധി മൗനം പൂണ്ടു.
2020-ല് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്സിലില് പാകിസ്താനെ ഉള്പ്പെടുത്തിയതിനെ യുഎന് വാച്ച് പരിഹസിച്ചിരുന്നു. പാകിസ്താന് സര്ക്കാര് എക്സില് പങ്കുവെച്ച ഒരു പോസ്റ്റിന് മറുപടിയായിരുന്നു യുഎന് വാച്ചിന്റെ പരിഹാസം. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിലുള്ള മതനിന്ദ അസഹനീയമാണ് എന്നായിരുന്നു പാക് സര്ക്കാരിന്റെ പോസ്റ്റ്. 'യുഎന് മനുഷ്യാവകാശ കൗണ്സിലിലെ നിങ്ങളുടെ സാന്നിധ്യം സഹിക്കാവുന്നതേയുള്ളൂ', എന്നായിരുന്നു യുഎന് വാച്ച് പാകിസ്താനെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്.
Content Highlights: Pakistan faced embarrassment at the UN over allegations of supporting terrorism
Published: 12 Sept 2025, 07:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented