
പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് | Photo: AFP | അപകടത്തിന്റെ ദൃശ്യം | Imgae credit: @wltan1791a YouTube video
ഇസ്ലാമാബാദ്: ദുബായ് എയര്‍ ഷോയ്ക്കിടെയുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യന്‍ പൈലറ്റിന് അനുശോചനം രേഖപ്പെടുത്തി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അയല്‍രാജ്യവുമായുള്ള മത്സരം 'ആകാശത്തില്‍ മാത്രമാണ്' എന്നും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റായ വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ ആണ് അപകടത്തില്‍ മരിച്ചത്.
വെള്ളിയാഴ്ചയാണ് ദുബായ് എയര്‍ ഷോയിലെ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. ഈ വര്‍ഷം മെയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ആസിഫിന്റെ സന്ദേശം എന്നതാണ് ശ്രദ്ധേയം.
'ദുബായ് എയര്‍ ഷോ 2025-ല്‍ തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ എച്ച്എഎല്‍ എല്‍സിഎ തേജസ് വിമാനത്തിന്റെ പൈലറ്റിന്റെ കുടുംബത്തിനും ഇന്ത്യന്‍ വ്യോമസേനയ്ക്കും, രാജ്യത്തിന് വേണ്ടി പാകിസ്താന്‍ സ്ട്രാറ്റജിക് ഫോറം ആത്മാര്‍ത്ഥവും അഗാധവുമായ അനുശോചനം രേഖപ്പെടുത്തുന്നു.' ആസിഫ് എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറഞ്ഞു.
തന്ത്രപരവും സൈനികവുമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിനായി പാകിസ്താനില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നുമുള്ള, പ്രതിരോധ വിശകലന വിദഗ്ധരുടെ ഒരു ഏജന്‍സിയാണ് 'പാകിസ്താന്‍ സ്ട്രാറ്റജിക് ഫോറം' എന്നാണ് ഫോറത്തിന്റെ എക്‌സ് അക്കൗണ്ടിലെ വിവരണം നല്‍കുന്ന വിവരം.
'നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല, അപകടത്തെ അതിജീവിക്കാനുമായില്ല.' ഫോറത്തിന്റെ സന്ദേശം പങ്കുവെച്ചുകൊണ്ട് മന്ത്രി കുറിച്ചു. ഇന്ത്യന്‍ വ്യോമസേനയുമായുള്ള മത്സരം ആകാശത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
'ഞങ്ങളുടെ മത്സരം ആകാശത്തില്‍ മാത്രമാണ്, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങള്‍ അനുസരിച്ച് ഒരു നിര്‍ഭാഗ്യകരമായ സംഭവം ഞങ്ങള്‍ ആഘോഷിക്കുന്നില്ല.' അദ്ദേഹം പറഞ്ഞു. 'ആകാശങ്ങള്‍ക്കപ്പുറത്തേക്ക്, ആദരാഞ്ജലികള്‍.. ധീരഹൃദയം.' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
പാകിസ്താന്‍ സ്ട്രാറ്റജിക് ഫോറവും തങ്ങളുടെ എക്‌സ് പോസ്റ്റില്‍ അനുശോചനം രേഖപ്പെടുത്തി. 'ദുബായ് എയര്‍ ഷോയില്‍ ഉണ്ടായ തേജസ് അപകടത്തില്‍ വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന്റെ ദാരുണമായ വേര്‍പാടില്‍ ഞങ്ങള്‍ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു വൈമാനികന്റെ മരണം അതിരുകള്‍ക്കും മത്സരങ്ങള്‍ക്കും അതീതമായി, വ്യോമയാന സമൂഹത്തിനാകെ ഒരു നഷ്ടമാണ്.'
'ഞങ്ങളുടെ മത്സരം ആകാശത്തില്‍ മാത്രമാണ്, അല്ലാതെ പൊതുവേദികളായ എയര്‍ ഷോകളിലല്ല. അവിടെ പറക്കാനുള്ള അടങ്ങാത്ത ആഗ്രഹവും പരിധികള്‍ ഭേദിക്കാന്‍ ധൈര്യം കാണിക്കുന്നവരോടുള്ള ബഹുമാനവും നമ്മളെ ഒന്നിപ്പിക്കുന്നു.' എന്നും അവര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. 'ഈ വിഷമഘട്ടത്തില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സ്‌ക്വാഡ്രണിനുമൊപ്പമുണ്ട്.'
Content Highlights: Pakistan`s Defence Minister Khawaja Asif offers condolences to the family of the Indian pilot who tragically died in a Tejas fighter jet crash at the Dubai Air Show. Minister says, rivalry is confined to the skies.
Published: 22 Nov 2025, 10:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented