ഇസ്ലാമാബാദ്: രണ്ട് വർഷത്തിനിടെ പാകിസ്താനിൽനിന്ന് പലായനം ചെയ്തത് ആയിരക്കണക്കിന് ഡോക്ടർമാരും എൻജിനീയർമാരും. കൂടാതെ അക്കൗണ്ടന്റുകൾ, മറ്റ് പ്രമുഖ തൊഴിൽസ്ഥാനങ്ങളിലുള്ളവർ എന്നിവർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പാകിസ്താനിൽ നിന്നുള്ള പ്രതിഭാപലായനം (brain drain) അടുത്തകാലത്ത് വർധിച്ചതായി വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വർധിക്കുന്നതിനിടെയാണ് മറ്റു രാജ്യങ്ങളിലേക്കുള്ള പാക് പൗരരുടെ കുടിയേറ്റത്തിൽ വർധനയുണ്ടായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ 5,000 ഡോക്ടർമാരും 11,000 എൻജിനീയർമാരും 13,000 അക്കൗണ്ടന്റുകളും പാകിസ്താൻ വിട്ടതായി അടുത്തിടെയുള്ള ഒരു സർക്കാർ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ കൂട്ടപ്പലായനത്തെ ‘ബ്രെയിൻ ഗെയിൻ’ എന്ന് വിശേഷിപ്പിച്ച പാക് സൈനിക മേധാവി അസിം മുനീർ വൻതോതിലുള്ള പരിഹാസവും വിമർശനവുമാണ് നേരിടുന്നത്.
സമ്പദ് വ്യവസ്ഥ നന്നാക്കാൻ രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം ശരിയാക്കുകയാണ് ആവശ്യമെന്ന് മുൻ പാക് സെനറ്റർ മുസ്തഫ നവാസ് ഖോഖർ അഭിപ്രായപ്പെട്ടു. 2024-ൽ 7,27,381 പാകിസ്താനികൾ വിദേശ തൊഴിലിനായി രജിസ്റ്റർ ചെയ്തു. ഈ വർഷം നവംബർ വരെ 6,87,246 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൾഫിൽ വേതനം തേടുന്ന തൊഴിലാളികളിലേക്കോ വിദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന തൊഴിലന്വേഷകരിലേക്കോ ഈ പലായനം ഒതുങ്ങുന്നില്ല എന്നതാണ് ആശങ്കയുളവാക്കുന്നത്. ആരോഗ്യമേഖലയെയാണ് പലായനം ഏറ്റവും കൂടുതൽ ബാധിച്ചത്. 2011-നും 2024-നും ഇടയിൽ, പാകിസ്താനിൽനിന്നുള്ള നഴ്സുമാരുടെ കുടിയേറ്റത്തിൽ 2,144% വർധനയുണ്ടായി. എക്സ്പ്രസ് ട്രിബ്യൂണിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ പ്രവണത ഇക്കൊല്ലവും തുടർന്നു.
വൈറ്റ് കോളർ പ്രൊഫഷണലുകളുടെ പലായനം വർധിച്ചതോടെ ഷഹ്ബാസ് ഷെരീഫ് സർക്കാർ വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. 2025-ൽ പാക് വിമാനത്താവളങ്ങളിൽനിന്ന് 66,154 യാത്രക്കാരാണ് മറ്റ് രാജ്യങ്ങളിലേക്ക് പോയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഏതാണ്ട് ഇരട്ടിയാണ്. അതേസമയം, ഭിക്ഷാടനത്തിനും നിയമവിരുദ്ധ കുടിയേറ്റത്തിനുമായി പതിനായിരക്കണക്കിന് പാകിസ്താനികളെ ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും നാടുകടത്തുകയും ചെയ്തു.
അതിനിടെ, വിദേശ കുടിയേറ്റത്തെ "ബ്രെയിൻ ഡ്രെയിൻ" എന്നതിനുപകരം ‘ബ്രെയിൻ ഗെയിൻ’ എന്ന് വിശേഷിപ്പിച്ച അസിം മുനീറിന്റെ പരാമർശം സാമൂഹികമാധ്യമ ഉപയോക്താക്കളുടെ വലിയ പ്രതിഷേധത്തിനും പരിഹാസത്തിനും വിധേയമാകുകയാണ്. യുഎസിൽ പ്രവാസികളെ അഭിസംബോധന ചെയ്തുള്ള ഒരു പ്രസംഗത്തിനിടയിലാണ് അസിം മുനീർ ഈ പരാമർശം നടത്തിയത്. മാനസികനില തകരാറായുള്ള ഒരാളുടെ അഭിപ്രായത്തിൽ, ഇതൊരു ബ്രെയിൻ ഗെയിൻ ആണ്," ഒരു ഉപയോക്താവ് എക്സ് പോസ്റ്റിൽ പരിഹസിച്ചു. നിരവധി പേരാണ് അസിം മുനീറിനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുള്ളത്.
Content Highlights: Thousands of skilled professionals, including doctors and engineers, are leaving Pakistan due to economic and political instability. Discover the extent of this brain drain and its impact.
Published: 27 Dec 2025, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented