ഇസ്‌ലാമാബാദ്: യുഎഇയിലെ ഹോട്ടൽ തനിക്ക് താമസിക്കാൻ മുറി നിഷേധിച്ചുവെന്ന് പാകിസ്താനിലെ എംപി. സ്വാബി മണ്ഡലത്തിൽ നിന്നുള്ള എംപിയും നാഷണൽ അസംബ്ലിയുടെ മുൻ സ്പീക്കറുമായ അസദ് കൈ്വസറാണ് ആരോപണം ഉന്നയിച്ചത്. വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് ഹോട്ടലിൽ താമസിക്കേണ്ടിവന്നത്. എന്നാൽ, താൻ ഉൾപ്പെടെയുള്ള പാകിസ്താനി യാത്രക്കാർക്ക് ഹോട്ടലിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. ഇന്ത്യയുടേയും അമേരിക്കയുടേയും പാസ്‌പോർട്ടുള്ളവർക്ക് മാത്രമേ മുറി നൽകൂ എന്നാണ് പറഞ്ഞതെന്നും അസദ് പറഞ്ഞു.

To advertise here,

പാകിസ്താൻ പാർലമെന്റിലാണ് അസദ് കൈ്വസർ ഇക്കാര്യങ്ങൾ ഉന്നയിച്ചത്. യുഎഇയും പാകിസ്താനും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, വിഷയത്തിൽ നയതന്ത്ര ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യം ഉന്നയിച്ചു. വിമാനം റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളത്തിൽ അനൗൺസ്‌മെന്റ് ഉണ്ടായി. ഈ അനൗൺസ്‌മെന്റിലാണ് ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രമേ ഹോട്ടലിൽ മുറിയുള്ളൂ എന്ന് പറഞ്ഞതെന്നും അസദ് കൈ്വസർ പറഞ്ഞു.

'ഞാൻ ഒറ്റയ്ക്കാണ് യാത്രചെയ്തിരുന്നത്. അനുചിതമായ പെരുമാറ്റമാണ് അവിടെ നേരിടേണ്ടിവന്നത്. ഞങ്ങളുടെ വിമാനം റദ്ദാക്കപ്പെട്ടതിനാൽ ഹോട്ടൽ മുറിയിൽ താമസിക്കേണ്ട സാഹചര്യമുണ്ടായി. എന്നാൽ, പാകിസ്താനികളോടുള്ള അവരുടെ മനോഭാവം അത്ര നല്ലതായിരുന്നില്ല. ഇന്ത്യൻ, അമേരിക്കൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന അനൗൺസ്‌മെന്റാണ് അവിടെ മുഴങ്ങിയത്', അസദ് കൈ്വസർ രോഷത്തോടെ പറഞ്ഞു.

യുഎഇ സഹോദര ഇസ്‌ലാമിക രാഷ്ട്രമാണെന്ന് പറഞ്ഞ അസദ്, പാകിസ്താനികളോടുള്ള അന്യായമായ പെരുമാറ്റത്തിനെതിരെ താൻ പ്രതിഷേധിച്ചുവെന്നും പറഞ്ഞു. നയതന്ത്ര ചാനലുകളിലൂടെ വിഷയം യുഎഇ അധികൃതർക്ക് മുമ്പാകെ ഉന്നയിക്കണമെന്നും പാകിസ്താൻ തഹ്രീക്കെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയുടെ എംപിയായ അസദ് ക്വൈസർ ആവശ്യപ്പെട്ടു.