സിയോൾ: സൈനിക ശേഷിയും മികവും പ്രകടിപ്പിക്കുന്നതിനായി പടിഞ്ഞാറൻ സമുദ്രമേഖലയിലേക്ക് കടലിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ക്രൂസ് മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു പരീക്ഷണം.

To advertise here,

ചൊവ്വാഴ്ച നടന്ന ഈ പരീക്ഷണങ്ങൾ വിജയം കണ്ടതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) വ്യക്തമാക്കി. മിസൈലുകൾ രണ്ട് മണിക്കൂറിലധികം പറന്നതായും കൃത്യമായി ലക്ഷ്യങ്ങളിൽ പതിച്ചതായും ഏജൻസി അറിയിച്ചു. ആണവായുധ ശേഷിയുള്ള സൈന്യത്തിന്റെ, പ്രവർത്തന മേഖല വികസിപ്പിക്കുന്നതിന് ഈ ആയുധങ്ങൾ സഹായിക്കുമെന്നും ഏജൻസി അവകാശപ്പെട്ടു.

മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ പാക് ജോങ് ചോൻ പരീക്ഷണങ്ങൾ നിരീക്ഷിച്ചതായി കെസിഎൻഎ അറിയിച്ചു. നാവികസേനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലെ പ്രധാന മുതൽക്കൂട്ടുകളെന്ന് കിം ജോങ് ഉൻ വിശേഷിപ്പിച്ച, ഉത്തര കൊറിയയുടെ പുതുതായി വികസിപ്പിച്ച ചോയ് ഹ്യോൻ, കാങ് കോൻ എന്നീ യുദ്ധക്കപ്പലുകളിലെ നാവികരുടെ പരിശീലനവും അദ്ദേഹം പരിശോധിച്ചു.

കഴിഞ്ഞ ആഴ്ചയിൽ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയിരുന്നു. ആണവ യുദ്ധ പ്രതിരോധം ശക്തിപ്പെടുത്താൻ രൂപകൽപ്പന ചെയ്ത പുതിയ ഹൈപ്പർസോണിക് സംവിധാനമാണ് ഈ പരീക്ഷണങ്ങളിൽ ഉപയോഗിച്ചതെന്നാണ് രാജ്യം അവകാശപ്പെടുന്നത്.

ട്രംപും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങുമായി നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മണിക്കൂറുകൾക്ക് മുമ്പാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം നടന്നത്. മിസൈൽ പരീക്ഷണം ശ്രദ്ധയിൽപ്പെട്ടിരുന്നോ ഇല്ലയോ എന്നതിൽ ദക്ഷിണ കൊറിയൻ സൈന്യം സ്ഥിരീകരണം നൽകിയിട്ടില്ല. ദക്ഷിണ കൊറിയൻ സന്ദർശന വേളയിൽ കിമ്മുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നാണ് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ പറയുന്നത്.