
യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി യുഎന്നിൽ സംസാരിക്കുന്നു | Photo: AP
ന്യൂയോര്‍ക്ക്: യുക്രൈനില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാത്തത് റഷ്യ വിസമ്മതിക്കുന്നതുകൊണ്ടാണ് എന്ന ആരോപണവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കവേയാണ് സെലന്‍സ്‌കിയുടെ വിമർശനം. ആയിരക്കണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോകുക, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുക, യൂറോപ്പിലുടനീളം അസ്ഥിരത പടര്‍ത്തുക തുടങ്ങിയ കുറ്റങ്ങളും അദ്ദേഹം റഷ്യയ്‌ക്കെതിരെ ഉന്നയിച്ചു.
'രക്തച്ചൊരിച്ചിലിനിടയിലും യുക്രൈന്‍കാര്‍ സമാധാനപ്രിയരായ ജനങ്ങളാണ്' എന്ന് പറഞ്ഞ സെലെന്‍സ്‌കി, 'നമ്മുടെ കുട്ടികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ എത്ര സമയമെടുക്കും?' എന്നും സഭയോട് ചോദിച്ചു. റഷ്യയുടെ ആക്രമണം യുക്രൈനില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.
പോളണ്ടിന്റെയും എസ്‌റ്റോണിയയുടെയും വ്യോമാതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളാണ് അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അടുത്തിടെ 19 റഷ്യന്‍ ഡ്രോണുകള്‍ പോളിഷ് വ്യോമാതിര്‍ത്തിയിലേക്ക് കടന്നുവെന്നും അതില്‍ നാലെണ്ണം മാത്രമാണ് വെടിവെച്ചിട്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റഷ്യന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് എസ്‌റ്റോണിയയ്ക്ക് ചരിത്രത്തിലാദ്യമായി യുഎന്‍ സുരക്ഷാ സമിതിയുടെ യോഗം വിളിക്കേണ്ടി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഒരു ദീര്‍ഘകാല സൈനിക സഖ്യത്തിന്റെ, നാറ്റോയുടെ, ഭാഗമാകുന്നത് കൊണ്ടുമാത്രം നിങ്ങള്‍ സുരക്ഷിതരാണെന്ന് അര്‍ത്ഥമില്ല.' സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. അതേസമയം, യുക്രൈന്റെ കഴിവുകള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടാനും സെലെന്‍സ്‌കി സമയം കണ്ടെത്തി.
'ഏകാധിപതികള്‍ പരേഡുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന വലിയ മിസൈലുകള്‍ യുക്രൈനിനില്ല. പകരം, ജീവിക്കാനുള്ള ഞങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ഡ്രോണുകള്‍ വികസിപ്പിക്കാന്‍ രാജ്യം നിര്‍ബന്ധിതരായി. യുക്രൈനിന് വലിയ നാവികസേന ഇല്ല. പക്ഷേ, റഷ്യ ഞങ്ങള്‍ക്ക് മറ്റ് വഴികളൊന്നും നല്‍കാത്തതുകൊണ്ട് കരിങ്കടലില്‍ വിജയിക്കാന്‍ കഴിഞ്ഞു.' സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി.
സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി യുക്രൈനിലുടനീളം നിര്‍മ്മിച്ച ഭൂഗര്‍ഭ സ്‌കൂളുകളെയും ബങ്കറുകളെയും കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ശേഷം, സഭയിലേക്ക് തിരിഞ്ഞ് സെലെന്‍സ്‌കി ചോദിച്ചു, 'നിങ്ങളുടെ രാജ്യത്ത് ഭീഷണികള്‍ക്കെതിരെ സമാനമായ സംരക്ഷണമുണ്ടോ?'. 'വസ്തുതകള്‍ ലളിതമാണ്. ലോകത്തിലെ തുറമുഖങ്ങളെയോ കപ്പലുകളെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ചെലവ് കുറവാണ് പുതിനെ ഇപ്പോള്‍ തടയുന്നത്. ഒരു ആഗോള ആയുധപ്പന്തയത്തേക്കാള്‍ എളുപ്പമാണത്.' സെലെന്‍സ്‌കി പ്രഖ്യാപിച്ചു.
തട്ടിക്കൊണ്ടുപോയ കുട്ടികളെ തിരികെ കൊണ്ടുവരാനും, യുദ്ധത്തടവുകാരെ മോചിപ്പിക്കാനും, ബന്ദികളെ സ്വതന്ത്രരാക്കാനും പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം ലോകനേതാക്കള്‍ക്കാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
'യുദ്ധം ഇതിനകം ഒരുപാട് ആളുകളിലേക്ക് എത്തിയിരിക്കുന്നു. റഷ്യ ഈ യുദ്ധം വലിച്ചുനീട്ടുമ്പോള്‍ നിശ്ശബ്ദരായിരിക്കരുത്. ദയവായി ഇതിനെതിരെ സംസാരിക്കുകയും അപലപിക്കുകയും ചെയ്യണം.' അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സെലന്‍സ്‌കി സഭയില്‍ പരാമര്‍ശിച്ചു. വാഷിംഗ്ടണിന്റെ പിന്തുണയെ വിലമതിക്കുന്നുണ്ടെങ്കിലും, 'സമാധാനം നമ്മളെല്ലാവരെയും ആശ്രയിച്ചിരിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Published: 24 Sept 2025, 10:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented