വാഷിങ്ടൺ: യുദ്ധക്കുറ്റവാളിയെന്നുവിളിച്ചും ന്യൂയോർക്കിലെത്തിയാൽ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി തനിക്കെതിരേ വിദ്വേഷവും ജൂതവിരുദ്ധതയും വളർത്തുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

To advertise here,

സെപ്റ്റംബറിൽ യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിന് ന്യൂയോർക്കിലെത്താനാണ് തന്റെ തീരുമാനമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. യഹൂദജനതയുടെ സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനായി ന്യൂയോർക്കിലെത്തുമെന്നാണ് പ്രഖ്യാപനം.

“ജൂതർ, ക്രിസ്ത്യാനികൾ, മുസ്‍ലിങ്ങൾ തുടങ്ങി ന്യൂയോർക്കിലെ എല്ലാ ജനങ്ങളുടെയും മേയറാകേണ്ട ആളാണ് അദ്ദേഹം. എന്നാൽ, ഒരു വിഭാഗത്തെ മറ്റൊന്നിനെതിരേ തിരിക്കാനാണ് ശ്രമിക്കുന്നത്.” -നെതന്യാഹു ആരോപിച്ചു. മംദാനിയുടെ പ്രത്യയശാസ്ത്രങ്ങളുമായി ചേർന്നുനിൽക്കുന്ന ഡെമക്രാറ്റിക് പാർട്ടിയിലെ പുരോഗമന-ഇടുപക്ഷക്കാർ അമേരിക്ക ഇസ്രയേലിന് നൽകിവരുന്ന പിന്തുണയെ ദുർബലപ്പെടുത്തുകയാണെന്നും പറഞ്ഞു.

ഗാസായുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽക്കോടതി(ഐ.സി.സി.) നെതന്യാഹുവിനെതിരേ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ വാറന്റ് വ്യാജവും മുഖ്യ പ്രോസിക്യൂട്ടർക്കെതിരായ ലൈംഗികാരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നടപടിയുമാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്ന് ഐ.സി.സി. ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു.

നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അറസ്റ്റുചെയ്യുമെന്ന് നേരത്തേ മംദാനി മുന്നറിയിപ്പു നൽകിയിരുന്നു. പിന്നീട് വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം, ന്യൂയോർക്ക് ഭരണകൂടത്തിന് അതിനുള്ള നിയമപരമായ അധികാരമില്ലെന്നും നെതന്യാഹുവിനെ അറസ്റ്റുചെയ്യാൻ ഫെഡറൽ ഭരണകൂടം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, അമേരിക്കയിൽവെച്ച് ഒരു കാരണവശാലും നെതന്യാഹു അറസ്റ്റുചെയ്യപ്പെടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറപ്പുനൽകി.