
നയ്പിഡോ: മ്യാന്‍മാറിലും തായ്ലാന്‍ഡിലും കനത്തനാശം വിതച്ച ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുകയാണ്. മ്യാന്‍മാറില്‍ മരണസംഖ്യ 1,600 കവിഞ്ഞതായാണ് മ്യാന്‍മാറിലെ സൈനിക ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചത്. ശക്തമായ ഭൂകമ്പമാണ് മ്യാന്മാറിലുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭൂകമ്പത്തിന്റെ ഭാഗമായി ഏകദേശം 334 ആറ്റം ബോംബുകളുടേതിന് സമാനമായ ഊർജ്ജമാണ് രൂപപ്പെട്ടതെന്നാണ് ഒരു ജിയോളജിസ്റ്റ് പ്രതികരിച്ചത്. ഇനിയും തുടർചലനങ്ങളുണ്ടാകാമെന്നും ജിയോളജിസ്റ്റ് പറയുന്നു.
ഭൂകമ്പത്തിന്റെ ഭാഗമായി ഏകദേശം 334 ആറ്റം ബോംബുകളുടെതിന് സമാനമായ ഊര്‍ജമാണ് രൂപപ്പെട്ടതെന്നാണ് പ്രശസ്ത ജിയോളജിസ്റ്റായ ജെസ് ഫെനിക്‌സ് സിഎന്‍എന്നിനോട് പ്രതികരിച്ചത്. മാത്രമല്ല ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം പറയുന്നു. ദുരന്തത്തിന്റെ പൂര്‍ണവ്യാപ്തി മനസിലാക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്നതായും ഫെനിക്‌സ് പറഞ്ഞു. മ്യാന്‍മാറിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ആശയവിനിമയത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ മൂലം പുറംലോകത്തിന് ദുരന്തത്തിന്റെ വ്യാപ്തി അറിയാനാകുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു വലിയ കത്തി ഭൂമിയെ പിളര്‍ക്കുന്നതുപോലെയായിരുന്നു ഈ ഭൂകമ്പമെന്നാണ് ഒരു സീസ്‌മോളജിസ്റ്റ് അഭിപ്രായപ്പെട്ടത്.
മ്യാന്‍മാറിലെ മാന്‍ഡലെയ്ക്കടുത്തുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ഭൂകമ്പത്തിന് പിന്നാലെ പന്ത്രണ്ടോളം തുടര്‍ചലനങ്ങളുണ്ടായതായും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച 10 മണിക്കൂറിനിടയില്‍ ഏതാണ്ട് 15 ഭൂകമ്പങ്ങള്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയും മ്യാന്മാറില്‍ രണ്ട് ഭൂകമ്പങ്ങളുണ്ടായതായി യുഎസ്ജിഎസ് പറയുന്നു. 5.1,4.2 തീവ്രതകളിലുള്ള ഭൂകമ്പങ്ങളാണുണ്ടായത്.
ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ തോതില്‍ ആള്‍നാശവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായേക്കാമെന്നും മരണസംഖ്യ 10,000 കവിയാന്‍ സാധ്യതയുണ്ടെന്നും നേരത്തേ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ നയ്പിഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്. മരിച്ചവരുടെ എണ്ണം 1,644 ആയി ഉയര്‍ന്നതായും 3,408 പേര്‍ക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍രാജ്യമായ തായ്‌ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേരാണ് മരിച്ചത്.
Content Highlights: Myanmar earthquake Force of 334 atom bombs says geologist
Published: 30 Mar 2025, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented