നയ്പിഡോ: മ്യാന്‍മാറിലും തായ്ലാന്‍ഡിലും കനത്തനാശം വിതച്ച ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. മ്യാന്‍മാറില്‍ മരണസംഖ്യ 1,600 കവിഞ്ഞതായി മ്യാന്‍മാറിലെ സൈനിക ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചു. മരിച്ചവരുടെ എണ്ണം 1,644 ആയി ഉയര്‍ന്നതായും 3,408 പേര്‍ക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 139 പേരെ കാണാനില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അയല്‍രാജ്യമായ തായ്‌ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേരാണ് മരിച്ചത്. 

To advertise here,

ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ തോതില്‍ ആള്‍നാശവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായേക്കാമെന്നും മരണസംഖ്യ 10,000 കവിയാന്‍ സാധ്യതയുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) മുന്നറിയിപ്പ് നല്‍കി. ആയിരത്തിലേറെപ്പേര്‍ മരിച്ചിരിക്കാമെന്നാണ് നേരത്തെ യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിരുന്നത്. 

ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ നയ്പിഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്.