ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്കിയുടെ ക്ഷണപ്രകാരം ഓ​ഗസ്റ്റ് 23-നാണ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ച് 30 വർഷത്തിനിടെ, ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്. 

To advertise here,

റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രി യുക്രൈനിലേക്ക് പോകുന്നത്. ജൂലായിയിലാണ് മോദി റഷ്യ സന്ദർശിച്ചത്. റഷ്യന്‍ പ്രസിഡന്റ് പുതിനുമായി കൂടിക്കാഴ്ച നടത്തുകയും അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെ അന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 

അതേസമയം, മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അന്ന് സെലെൻസ്കി രം​ഗത്തെത്തി. റഷ്യന്‍ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദര്‍ശിച്ചത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവുമാണ് ഉണ്ടാക്കിയതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. 

യുക്രൈൻ കൂടാതെ, പോളണ്ടും പ്രധാനമന്ത്രി സന്ദർശിക്കും. ഓ​ഗസ്റ്റ് 21, 22 തീയതികളിലാണ് സന്ദർശനം. പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്, പ്രസിഡന്റ് ആന്ദ്രെ ദൂദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.