ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം നാലാഴ്ച പിന്നിടുകയാണ്. അയവില്ലാതെ തുടരുന്ന സംഘർഷത്തിൽ ഇതുവരെ 5500 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

To advertise here,

ഇസ്രായേൽ-യുഎസ് സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 3268 പേർ കൊല്ലപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനയായ എച്ച്ആർഎഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 217 കുട്ടികളും ഉൾപ്പെടും. അതേസമയം ഇറാൻ മാധ്യമങ്ങളുടെ കണക്കിൽ 1270 പേരാണ് കൊല്ലപ്പെട്ടത്.

ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 1000 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാഖിൽ 81 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിൽ 16 ഇസ്രായേലികളും വെസ്റ്റ് ബാങ്കിൽ നിന്നുള്ള നാലു പേരും യുഎസിൽ നിന്നുള്ള 13 സൈനികരും കൊല്ലപ്പെട്ടതായാണ് കണക്കുകൾ. വിവിധ ഗൾഫ് രാജ്യങ്ങളിലും സാധാരണക്കാരായ ആളുകൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാഖിൽ ഒരു ഫ്രഞ്ച് സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇസ്രായേലിൽ ഇറാൻ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽഅവീവിലെ നിരവധിയിടങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ കെട്ടിടങ്ങൾക്ക് കേടുപാടു സംഭവിച്ചെന്നും ചുരുങ്ങിയത് നാലുപേർക്കെങ്കിലും പരിക്കേറ്റിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇറാനിലെ ഷാഹ്റൂദിൽ നിന്ന് മൂന്നുപേരെ ഇറാൻ സൈന്യം അറസ്റ്റ് ചെയ്തു. സൈനിക കേന്ദ്രങ്ങളിൽ ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്ക് അമേരിക്കയും ഇസ്രായേലുമായി ബന്ധമുണ്ടെന്നും ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളും മറ്റും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തുവെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ ഇറാനിൽ ചാരവൃത്തി ആരോപിച്ച് ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.

സൗത്ത് ലെബനനിന്റെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്ന് ഇസ്രായേൽ പ്രതിജ്ഞ ചെയ്തു. ഇസ്രായേലിന്റെ വടക്കൻ അതിർത്തികൾ വ്യാപിപ്പിക്കുമെന്ന സൂചനയാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് നൽകിയത്.

ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അലി ലാരിജാനിയെ ഇസ്രായേൽ വധിച്ചതിനു പിന്നാലെ പുതിയ സുരക്ഷാ സെക്രട്ടറിയായി മൊഹമ്മദ് ബഖർ സൊൽഖദറിനെ നിയമിച്ചു. എക്സ് പ്ലാറ്റ്ഫോമിൽ കൂടിയാണ് ഇറാൻ ഇക്കാര്യം അറിയിച്ചത്.