ക്രെംലിൻ: ആണവായുധത്തെക്കുറിച്ചുള്ള ട്രംപിന്റെ വാചകമടിയിൽ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് റഷ്യ. രണ്ട് ആണവ അന്തർവാഹിനികൾ ഉചിതമായ മേഖലകളില്‍ വിന്യസിക്കാന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ റഷ്യൻ വക്താവ് ദിമിത്രി പെസ്കോവിന്‍റെ പ്രതികരണം.

To advertise here,

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവും തമ്മിലുണ്ടായ വാക്‌പോരിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയുണ്ടായത്. മുന്‍ പ്രസിഡന്റ് ആയിരുന്ന മെദ്‌വെദേവ്, നിലവില്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനാണ്. യുക്രൈനില്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചേരാന്‍ റഷ്യയ്ക്ക് മുന്നിലുള്ളത് വെറും പത്തുദിവസം മാത്രമാണെന്നും അല്ലാത്തപക്ഷം തീരുവനടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞതാണ് വാക്‌പോരിന് തുടക്കമിട്ടത്.

എന്നാല്‍, റഷ്യക്ക് സോവിയറ്റ് കാലം മുതലുള്ള ആണവശേഷിയുണ്ടെന്നും അത് ട്രംപ് മറക്കരുതെന്നുമായിരുന്നു മെദ്‌വെദേവിന്റെ പ്രതികരണം. ഇതോടെ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് രണ്ട് ആണവ അന്തർവാഹിനികൾ ഉചിതമായ മേഖലകളില്‍ വിന്യസിക്കാന്‍ ഉത്തരവിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്. ട്രൂത്ത് സോഷ്യലിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെദ്‌വെദേവിന്റെ പ്രസ്താവന ബുദ്ധിശൂന്യവും അതിവൈകാരികവുമാണ്. അതിനുള്ള മറുപടി എന്ന നിലയ്ക്കാണ് തന്റെ നടപടിയെന്നും ട്രംപ് ട്രൂത്തിൽ കുറിച്ചിരുന്നു.

'അമേരിക്കൻ അന്തർവാഹിനികൾ ഇതിനകംതന്നെ യുദ്ധദൗത്യത്തിലാണെന്ന് വ്യക്തമാണ്. ഇതൊരു തുടർച്ചയായ പ്രക്രിയയാണ്', പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം വിവാദവിഷയങ്ങളിൽ ഇടപെടാൻ താത്പര്യമില്ലെന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർച്ചയായും ആണവായുധ വാചകമടിയിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആണവസംഘർഷത്തിലേയ്ക്ക് നീങ്ങുന്നതിന്‍റെ സൂചനയായി ട്രംപിന്റെ പ്രസ്താവനയെ തങ്ങൾ കാണുന്നില്ലെന്നും പെസ്കോവ് പറഞ്ഞു. പലരും വിഷയം വൈകാരികമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.