
പ്യോങ്‌യാങ്: മകൾ കിം ജു ഏയെ പിൻഗാമിയായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കിമ്മിന്റെ നടപടി കുടുംബത്തിൽ അസ്വാരസ്യങ്ങൾക്കും രൂക്ഷമായ അധികാരത്തർക്കത്തിനും ഇടയാക്കിയേക്കുമെന്ന് സൂചന. 38കാരിയായ കിമ്മിന്റെ സഹോദരി കിം യോ ജോങ്ങിൽ നിന്നാണ് ഇത്തരത്തിലൊരു വെല്ലുവിളിയ്ക്ക് സാധ്യതയുള്ളതായി ദക്ഷിണകൊറിയയുടെ രഹസ്യാന്വേഷണ ഏജൻസി പറയുന്നു. ഉത്തരകൊറിയയിൽ കിം കഴിഞ്ഞാൽ രണ്ടാമത്തെ ശക്തയായ വ്യക്തിയണ് കിം യോ ജോങ്. കിമ്മിന് ശേഷം അധികാരത്തിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന വ്യക്തി കൂടിയാണ് കിം യോ ജോങ്.
13 വയസ്സുള്ള കിം ജു ഏയെ അനന്തരാവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു എന്ന് ദക്ഷിണ കൊറിയയുടെ ദേശീയ ഇൻ്റലിജൻസ് സർവീസ് (NIS) കഴിഞ്ഞയാഴ്ചയാണ് പറഞ്ഞത്. ഫെബ്രുവരി അവസാനം നടക്കാനിരിക്കുന്ന തൊഴിലാളി പാർട്ടി കോൺഗ്രസ്സിൽ ആയിരക്കണക്കിന് പ്രതിനിധികൾക്ക് മുന്നിൽ കിം ജു ഏ പിതാവിനൊപ്പം പ്രത്യക്ഷപ്പെടുമോ എന്ന് നിരീക്ഷിക്കുകയാണെന്നും എൻഐഎസ് പറഞ്ഞു.
2022 നവംബറിൽ ഒരു ദീർഘദൂര മിസൈൽ പരീക്ഷണവേളയിലാണ് കിം ജു ഏ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അന്നു മുതൽ, ആയുധ പരീക്ഷണങ്ങൾ, സൈനിക പരേഡുകൾ, ഫാക്ടറി സന്ദർശനങ്ങൾ എന്നിങ്ങനെ നിരവധി പരിപാടികളിൽ പിതാവിനൊപ്പം പങ്കെടുത്തു. രണ്ടാം ലോകമഹായുദ്ധ വിജയവുമായി ബന്ധപ്പെട്ട വിക്ടറി പരേഡിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ചൈനീസ് നേതാവുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞ സെപ്റ്റംബറിൽ കിം ജു ഏ, പിതാവ് കിം ജോങ് ഉന്നിനോടൊപ്പം ബെയ്ജിങ്ങിലേക്കും യാത്ര ചെയ്തിരുന്നു.
കിം യോ ജോങ് നിലവിൽ കൊറിയൻ തൊഴിലാളി പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ ഉന്നത സ്ഥാനം വഹിക്കുന്നു, കൂടാതെ സഹോദരനുമേൽ വലിയ സ്വാധീനമുണ്ടെന്നും പറയപ്പെടുന്നു. കിം യോ ജോങ് ഉത്തരകൊറിയയിലും പുറത്തും അസാധാരണമായ പ്രതിച്ഛായ നേടിയിട്ടുണ്ട്. മൂർച്ചയേറിയ വാക്കുകൾക്ക് പേരുകേട്ട അവർ സ്വന്തം പേരിൽ പ്രസ്താവനകൾ പതിവായി നടത്തുന്നുമുണ്ട്. രാഷ്ട്രീയപരമായും സൈനികപരമായും കിം യോ ജോങ്ങിന് ശക്തമായ പിന്തുണയുണ്ട്. 2022-ൽ, ദക്ഷിണകൊറിയയുടെ പ്രതിരോധമന്ത്രിയ്ക്കെതിരെ രൂക്ഷ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. ദുരന്തം ഒഴിവാക്കണമെങ്കിൽ ദക്ഷിണകൊറിയ സ്വയം അച്ചടക്കം പാലിക്കണമെന്നുൾപ്പെടെ അവർ പറഞ്ഞിരുന്നു.
‘ആഭ്യന്തര ശുദ്ധീകരണങ്ങൾക്ക്’ ഉത്തരകൊറിയ മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2011-ൽ അധികാരം ഏറ്റെടുത്ത ശേഷം, കിം ജോങ് ഉൻ തൻ്റെ അമ്മാവനും ഉപദേഷ്ടാവുമായിരുന്ന ജാങ് സോങ് താെകനെതിരെ നടപടിയെടുത്തു. 2013-ൽ ജാങ് സോങ് വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. കിമ്മിന്റെ അർധസഹോദരനും ഉത്തരകൊറിയയുടെ അനന്തരാവകാശിയുമായിരുന്ന കിം ജോങ് നാം, 2017-ൽ മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നാഡികളെ തളർത്തുന്ന വിഷം ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Content Highlights: Reports suggest Kim Jong Un may name his young daughter as successor, potentially igniting a power struggle with his influential sister, Kim Yo Jong.
Published: 16 Feb 2026, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented