
കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ സര്‍വകലാശാലാ പരിസരത്തുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച്ച് ലിബറേഷന്‍ ആര്‍മി. പാകിസ്താന്റെ എക്കാലത്തേയും അടുത്ത സഖ്യകക്ഷിയായ ചൈനീസ് പൗരന്മാര്‍ക്ക് നേരെ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ചൊവ്വാഴ്ച കറാച്ചിയിലുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് ചൈനക്കാരുള്‍പ്പെടെ നാലുപേര്‍ മരിച്ചു. സര്‍വകലാശാലയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശനകവാടത്തിലാണ് ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്.
ബലൂചിസ്താന്‍ സ്വദേശിയായ യുവതിയാണ് ബോംബ് സ്ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ചത്. ബലൂചിസ്താനിലെ തര്‍ബാത് നിയാസര്‍ അബാദ് സ്വദേശിയായ ഷാറി ബലോച് ആണ് ചാവേര്‍ ബോംബാക്രമണം നടത്തിയതെന്നാണ് സ്ഥിരീകരണം. സ്‌ഫോടനത്തില്‍ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹുവാങ് ഗുയ്പിങ്, ഡിങ് മുപെങ്, ഷെന്‍ സാ എന്നിവരും ഖാലിദ് എന്ന പാകിസ്താന്‍ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.
സ്ത്രീ ചാവേറാണ് ആക്രമണം നടത്തിയതെന്ന് തീവ്രവാദ ആക്രമണങ്ങളുടെ പേരില്‍ പാകിസ്താന്‍ നിരോധിച്ച സംഘടനയായ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) പറഞ്ഞു. ഇതു വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബി.എല്‍.എ പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വനിതാ ചാവേര്‍ നടത്തുന്ന ആദ്യത്തെ ആക്രമണമാണിതെന്നും ബി.എല്‍.എ പറഞ്ഞു.
ചൈനക്കാരെ ലക്ഷ്യംവെച്ചാണ് സ്‌ഫോടനം നടത്തിയത്. ചൈനയുടെ 54 ലക്ഷം കോടി രൂപയുടെ പദ്ധതിയായ ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി.)ക്ക് എതിരാണ് ബി.എല്‍.എ. പദ്ധതിയുടെ ഭാഗമായി ബലൂചിസ്താനിലും കറാച്ചിയിലും ഒട്ടേറെ ചൈനക്കാര്‍ ജോലിചെയ്യുന്നുണ്ട്. പാകിസ്താനില്‍ ചൈന നടത്തുന്ന നിക്ഷേപങ്ങളെ എതിര്‍ക്കുന്ന ബി.എല്‍.എ ഇവര്‍ക്കുനേരെ മുമ്പും ആക്രമണം നടത്തിയിരുന്നു.
ബലൂചിസ്താനും ബി.എല്‍.എയും
പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ ബലൂചിസ്താന്‍, പാകിസ്താനിലെ ഏറ്റവും വലിയ പ്രവശ്യയും അതേസമയം അതീവ ദരിദ്രവുമാണ്. 1948 മാര്‍ച്ച് 27നാണ് പാകിസ്താന്‍, ബലൂചിസ്താനെ തങ്ങളുടെ ഭാഗമായി കൂട്ടിച്ചേര്‍ത്തത്. അന്ന് മുതല്‍ ഒരുവിഭാഗം ആരംഭിച്ച സായുധ കലാപത്തേത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെയാണ് ബലൂചിസ്താനില്‍നിന്ന് കാണാതയത്.
പാക് സൈന്യത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലാണ് മേഖലയില്‍ നടക്കുന്നത്. പ്രവിശ്യയില്‍നിന്നുള്ള നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരും വിഘടനവാദികളും ഇതിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എതിര്‍സ്വരം ഉയര്‍ത്തുന്നവരെ പാകിസ്താന്‍ സുരക്ഷാ ഏജന്‍സികള്‍ കൊന്നുതള്ളുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബലൂചിസ്താന്‍ പ്രവിശ്യയിലെ ബലൂചികള്‍ക്കായി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ടു കൊണ്ട് ആയുധമെടുത്ത വിഘടനവാദ സംഘടനയാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി. 2000-ല്‍ പാകിസ്താനിലെ ബോംബാക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് അവര്‍ പുറം ലോകത്ത് അറിയപ്പെടാന്‍ തുടങ്ങിയത്.
ബലൂചിസ്താനിലെ ചൈനീസ് താല്പര്യം
ബലൂചിസ്താനിലെ ചെമ്പ്, സ്വര്‍ണം, പ്രകൃതിവാതകം, കല്‍ക്കരി നിക്ഷേപങ്ങളില്‍ ചൈനക്ക് നോട്ടമുണ്ട്. 2015 ലാണ് ബലൂചിസ്താനിലെ ഗ്വാദർ തുറമുഖത്തെ തങ്ങളുടെ പടിഞ്ഞാറന്‍ പ്രദേശമായ സിൻജിയാങ്ങുമായി ബന്ധിപ്പിക്കുന്ന ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ചൈന പ്രഖ്യാപിക്കുന്നത്. പദ്ധതിക്ക് എതിരായി ഇരുപ്രദേശത്തും ഉയര്‍ന്ന് എതിര്‍പ്പുകളെ സൈനികമായാണ് ഇരു ഭരണകൂടങ്ങളും അടിച്ചമര്‍ത്തിയത്.
ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബി.ആര്‍.ഐ.) ഭാഗമായ സി.പി.ഇ.സി വഴി റോഡ്, റെയില്‍, ഓയില്‍ പൈപ്പ് ലൈന്‍ ലിങ്കുകള്‍ സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. അതുവഴി മധ്യ-ദക്ഷിണേഷ്യയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനും മേഖലയിലെ അമേരിക്കന്‍, ഇന്ത്യന്‍ സ്വാധീനത്തെ ചെറുക്കാനുമാണ് ചൈന ശ്രമിക്കുന്നത്. സി.പി.ഇ.സി. പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥര്‍ ബലൂചിസ്താനില്‍ ജോലി ചെയ്യുന്നുണ്ട്. പാകിസ്താനില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ പ്രാദേശിക വിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നാണ് വിഘടനവാദികള്‍ പറയുന്നത്.
സമീപകാല ആക്രമണങ്ങള്‍
ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ടിടങ്ങളിലായി വിഘടനവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 20 തീവ്രവാദികളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 2021 ജൂലൈയില്‍ എന്‍ജിനീയര്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരേയും ആക്രമണമുണ്ടായി. ഒന്‍പത് ചൈനീസ് പൗരന്മാരുള്‍പ്പെടെ 13 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ചൈന കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിയതിനേത്തുടര്‍ന്ന് കോടിക്കണക്കിന് രൂപയാണ് പാകിസ്താന്‍ കൊല്ലപ്പെട്ട ചൈനീസ് പൗരന്മരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയത്.
ആ വര്‍ഷം ഏപ്രിലില്‍ ക്വറ്റ നഗരത്തില്‍ ചൈനീസ് അംബാസിഡര്‍ താമസിച്ച ആഡംബര ഹോട്ടലിലും ചാവേര്‍ ബോംബ് സ്‌ഫോടനം ഉണ്ടായിരുന്നു. നാല് പേര്‍ കൊല്ലപ്പെട്ട ആക്രണണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍, അംബാസിഡര്‍ ആക്രണത്തില്‍ നിന്ന് രക്ഷപെട്ടിരുന്നു. 2020ല്‍ ചൈനക്ക് വലിയ തോതില്‍ നിക്ഷേപമുള്ള പാകിസ്താനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നേരേയും ബലൂച്ച് വിഘടനവാദികള്‍ ആക്രമണം നടത്തിയിരുന്നു.
എന്തുകൊണ്ട് ആക്രമണങ്ങള്‍?
ബലൂചിസ്താനിലെ ഖനന, ഊര്‍ജ്ജ പദ്ധതികള്‍ക്ക് നേരെ വലിയ എതിര്‍പ്പാണ് വിഘടനവാദികള്‍ ഉയര്‍ത്തുന്നത്. പദ്ധതികള്‍കൊണ്ട് തങ്ങള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന സ്വദേശികളെ പരിഗണിക്കാതെ, ജോലികളെല്ലാം പുറത്തുനിന്നുള്ളവര്‍ക്കാണ് നല്‍കുന്നത് എന്നതാണ് എതിര്‍പ്പിന് കാരണം.
ബലൂചിസ്താനിലെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയതായി ബി.എല്‍.എ. പറയുന്നു. ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്ക് എതിരായ ബലൂചിസ്താന്റെ എതിര്‍പ്പ് തങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമാണെന്നും ബി.എല്‍.എ. പറയുന്നു.
Content Highlights: Karachi bombing: Why there is huge Balochistan's pushback against China-Pak corridor
Published: 27 Apr 2022, 10:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented