ജറുസലേം: ഇൻ്റലിജൻസ് വിഭാഗത്തിലെ സൈനികർക്കും ഉദ്യോഗസ്ഥർക്കും അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിലും പരിശീലനം നിർബന്ധമാക്കാനൊരുങ്ങി ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്). അമാൻ (ഇസ്രായേൽ മിലിട്ടറി ഇൻ്റലിജൻസ് ഡയറക്ടറേറ്റിൻ്റെ ഹീബ്രു ചുരുക്കപ്പേര്) മേധാവി മേജർ ജനറൽ ഷ്ലോമി ബിൻഡർ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. 2023 ഒക്ടോബർ 7-ന് ഉണ്ടായ ഇൻ്റലിജൻസ് പരാജയത്തെ തുടർന്നാണ് നടപടിയെന്ന് ജറുസലേം പോസ്റ്റിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത വർഷാവസാനത്തോടെ, അമാൻ ഉദ്യോഗസ്ഥരിൽ 100 ശതമാനം പേരും ഇസ്ലാമിക പഠനത്തിൽ പരിശീലനം നേടും. 50 ശതമാനം പേർ അറബി ഭാഷയിലും പരിശീലനം നേടും. ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ വിശകലന ശേഷി ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹൂതികളുടെ ആശയവിനിമയങ്ങൾ മനസ്സിലാക്കുന്നതിൽ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ പ്രതിസന്ധികൾ അഭീമുഖീകരിക്കുന്ന സാഹചര്യമുണ്ടായതിനാൽ ഹൂതി, ഇറാഖി പ്രാദേശിക ഭാഷകളിലെ പ്രത്യേക പരിശീലനവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
"ഇതുവരെ, സംസ്കാരം, ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം എന്നീ മേഖലകളിൽ നമ്മൾ വേണ്ടത്ര മികവ് പുലർത്തിയിരുന്നില്ല. ഈ മേഖലകളിൽ മെച്ചപ്പെടേണ്ടതുണ്ട്. ഇൻ്റലിജൻസ് ഉദ്യോഗസ്ഥരെയും സൈനികരെയും അറബ് കുട്ടികളാക്കി മാറ്റാനല്ല ശ്രമിക്കുന്നത്, എന്നാൽ ഭാഷാപരവും സാംസ്കാരികവുമായ പഠനങ്ങളിലൂടെ, അവരിൽ സംശയവും ആഴത്തിലുള്ള നിരീക്ഷണപാടവവും വളർത്തിയെടുക്കാൻ കഴിയും." ഒരു മുതിർന്ന അമാൻ ഉദ്യോഗസ്ഥൻ ആർമി റേഡിയോയോട് പറഞ്ഞു.
അറബി, ഇസ്ലാമിക വിദ്യാഭ്യാസത്തിനായി ഒരു പുതിയ വകുപ്പ് ഉണ്ടാക്കുമെന്ന് ആർമി റേഡിയോയുടെ സൈനിക ലേഖകൻ ഡോറോൺ കദോഷ് പറഞ്ഞു. കൂടാതെ, ഇസ്രായേലിലെ മിഡിൽ, ഹൈസ്കൂളുകളിൽ അറബി, മിഡിൽ ഈസ്റ്റേൺ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ടെലെം (TELEM) എന്ന വകുപ്പ് വീണ്ടും തുറക്കാനും ഐഡിഎഫ് പദ്ധതിയിടുന്നുണ്ട്. മുൻപ്, സാമ്പത്തിക പരിമിതികൾ കാരണം ഈ വകുപ്പ് അടച്ചുപൂട്ടിയിരുന്നു. ഇതിൻ്റെ ഫലമായി, രാജ്യത്ത് അറബി പഠിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരുന്നു.
Content Highlights: IDF mandates Arabic, Islamic Studies training for intelligence after Oct 7 failure.
Published: 26 Jul 2025, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented