ഗാസ സിറ്റി: ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രയേലി പ്രതിരോധ സേന. ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാഗത്തിന്റെ തലവനായി വിശേഷിപ്പിക്കപ്പെട്ട കമൽ അബ്ദ് അൽ റഹ്‌മാൻ മുഹമ്മദ് ഔവാദ്, ഹമാസിന്റെ ആയുധ നിർമ്മാണ വിഭാഗത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന അഹ്‌മദ് തബേത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഗാസയിൽനിന്ന് ഇസ്രയേലി സൈനികർ വിന്യസിച്ചിരുന്ന ഗാസ സിറ്റി ഭാഗത്തേക്ക് നടന്ന റോക്കറ്റ് വിക്ഷേപണത്തിന് ശേഷമാണ് തിരിച്ചടിച്ചതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) അവകാശപ്പെട്ടു.
അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് ഔവാദിന്റെ മരണം ഔദ്യോഗിക പാലസ്തീൻ വാർത്താ ഏജൻസിയായ വഫ സ്ഥിരീകരിച്ചു. എന്നാൽ, മുഹമ്മദ് ഔവാദ് ഹമാസ് നേതാവല്ല സാധാരണ പൗരനാണെന്നാണ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇസ്രയേൽ ആക്രമണങ്ങളിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 14 പലസ്തീനികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഗാസ ആരോഗ്യ അധികൃതർ അറിയിച്ചത്. ഇരകൾ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
2025 ഒക്ടോബർ 10-ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതു മുതൽ 439 പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാദേശിക ആരോഗ്യ അധികൃതരുടെ കണക്ക്. 1,223 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, ഗാസയുടെ ഭരണനിർവഹണത്തിനായുള്ള വിവിധ രാജ്യങ്ങൾ ഉൾപ്പെട്ട 'ബോർഡ് ഓഫ് പീസ്' അടുത്തയാഴ്ച യുഎസ് പ്രസിഡന്റ്‌ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചേക്കും. ഗാസയുടെ ഭരണം, ഹമാസിന്റെ നിരായുധീകരണം, രാജ്യാന്തര സമാധാനസേനയെ നിയോഗിക്കൽ എന്നിവയാണു ബോർഡ് ഓഫ് പീസിന്റെ ദൗത്യം.
Content Highlights: Israel`s military reports killing two senior Hamas figures in Gaza air strikes. Reports indicate 14 Palestinians killed, including children, following rocket fire. Stay updated.
Published: 10 Jan 2026, 12:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented