
ഗാസ: കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ മൃതദേഹത്തിനൊപ്പം ഒറ്റയ്ക്ക് ചിലവഴിച്ചതിന്റെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഇസ്രയേല്‍ സൈനികന്. ലെഫ്റ്റനന്റ് കേണലായ ഇറ്റാമര്‍ എയ്റ്റാമാണ് തന്റെ അനുഭവം ഫെയ്സ്ബുക്കില്‍ ഒരു ചെറു കുറിപ്പായി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യഹിയയെ ഇസ്രയേല്‍ സൈന്യം റാഫയില്‍ നടന്ന ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തിയത്.
2023 ഒക്ടോബര്‍ ഏഴിന് നടന്ന ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന യഹിയയുണ്ടാക്കിയ വേദന ആഴത്തിലുള്ളതായിരുന്നെന്നും യഹിയയില്ലാത്ത ലോകമാണ് മികച്ച സ്ഥലമെന്നും എയ്റ്റാം കുറിപ്പില്‍ പറയുന്നു. റാഫയെന്ന നഗരം തകര്‍ന്നതോര്‍ത്ത് ദു:ഖം തോന്നുന്നുവെന്നും എയ്റ്റാം കുറിച്ചു.
'ഞാന്‍ ഇപ്പോള്‍ റാഫയില്‍ നിന്ന് തിരിച്ചുവന്നതേയുള്ളു. അയാളോടൊപ്പം കുറച്ച് നിമിഷം ഞാന്‍ തനിച്ചാണുണ്ടായിരുന്നത്. ഒരു ചെറിയ വൃത്തികെട്ട രൂപം തകര്‍ന്ന സോഫയില്‍ കിടക്കുന്നു. വളരെയധികം വേദനയാണ് ഈ മനുഷ്യനുണ്ടാക്കിയത് ഞാന്‍ തകര്‍ന്ന റാഫ നഗരത്തിലേക്ക് നോക്കി. എനിക്ക് അവരോടുപോലും വേദന തോന്നി. എന്നാല്‍ എന്തിനേക്കാളേറെ എനിക്ക് ദൈവത്തിന്റെ പേരില്‍ അപമാനം തോന്നി. അയാളും ഒരിക്കല്‍ ഒരു കുട്ടിയായിരുന്നു. അയാള്‍ക്കും ഒരു തിരഞ്ഞെടുപ്പുണ്ടായിരുന്നു. പക്ഷേ അയാള്‍ തിന്മ തിരഞ്ഞെടുത്തു. അയാളും നിങ്ങളുടെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യനാണ് എന്നത് അന്തൊരു അപമാനമാണ്. ഇപ്പോള്‍ ലോകം എത്ര മെച്ചപ്പെട്ടു. ഞങ്ങള്‍ ഒരിക്കലും ആശയക്കുഴപ്പത്തിലാകില്ല. ഞങ്ങള്‍ പോരാട്ടം ഉപേക്ഷിക്കുകയുമില്ല. ഒരുമിച്ച് നമ്മള് വിജയിക്കും. സന്തോഷം നിറഞ്ഞ അവധി ദിനം ആശംസിക്കുന്നു.' എയ്റ്റാം കുറിച്ചു.
നേരത്തെ യഹിയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പങ്കുവെച്ചിരുന്നു. തകര്‍ന്ന ഒരു അപാര്‍ട്മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ ഇരിക്കുന്ന യഹിയയാണ് വീഡിയോയിലുള്ളത്. ഇസ്രയേലിന്റെ ഡ്രോണിനുനേരെ യഹിയ വടി എറിയുന്നതും വീഡിയോയില്‍ കാണാം.
ഡിഫന്‍സ് ഫോഴ്സിന്റെ ഒരു യൂണിറ്റ് റാഫയിലെ താല് അല്‍ സുല്‍ത്താനില്‍ പട്രോളിങ് നടത്തിയെന്നും കെട്ടിടങ്ങളുടെ മറവിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച യഹിയ ഉള്‍പ്പെടെ മൂന്നുപേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തി കൊലപ്പെടുത്തിയെന്നുമാണ് ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട വിവരം. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെയാണ് കൊല്ലപ്പെട്ടത് യഹിയയാണെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചത്. പിന്നാലെ ഹമാസും സ്ഥിരീകരണവുമായി രംഗത്തെത്തി.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് ഹമാസ് പിന്‍ഗാമിയായി യഹിയയെ അവരോധിച്ചത്. 2024 ഓഗസ്റ്റ് മുതല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാനും ഗാസ മുനമ്പിന്റെ നേതാവുമായി പലസ്തീന് ജനതയ്ക്കിടയില്‍ വിശ്വാസ്യത നേടിയ യഹിയയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പലസ്തീന് പ്രതിരോധസേനയ്ക്ക് ഏറെ ആശങ്കകള്‍ നല്‍കുന്നുണ്ട്.
ഗാസ ആസ്ഥാനമായാണ് കാലങ്ങളായി യഹിയ പ്രവര്‍ത്തിക്കുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹിയ 22 വര്‍ഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികന് ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയിലില്‍നിന്ന് മോചിതനായത്. 2015-ല്‍ യഹിയയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി. 1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള ഖാന് യൂനിസിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു യഹിയയുടെ ജനനം.
Content Highlights: israel soldiers time alone with yahya sinwars dead body
Published: 19 Oct 2024, 08:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented