ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഗാസയ്ക്ക് നേരെ സൈനിക നടപടി കടുപ്പിക്കാനൊരുങ്ങുന്ന നെതന്യാഹു സര്‍ക്കാരിനെതിരേ ഇസ്രയേലില്‍ വ്യാപകസമരം. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും പ്രതിനിധാനം ചെയ്യുന്ന രണ്ടു സംഘടനകളാണ്  ഇസ്രയേലില്‍ ഞായറാഴ്ച 'ഡേ ഓഫ് സ്‌റ്റോപ്പേജി'ന് ആഹ്വാനം ചെയ്തത്. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

To advertise here,

രാജ്യത്താകെ 38 പ്രതിഷേധക്കാരെ ഇതിനകം അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ആറ് ബന്ദികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു ശേഷമുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്ന ആവശ്യം ഒരുവശത്തുനിന്ന് ഉയരുമ്പോള്‍ യുദ്ധവുമായി മുന്നോട്ടുപോകാനാണ് സഖ്യസര്‍ക്കാരിലെ ചിലകക്ഷികള്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുന്നത്. ഇരുവശത്തുനിന്നും നെതന്യാഹുവിനുമേല്‍ സമ്മര്‍ദം കടുക്കുന്നുവെന്നാണ് സൂചന. 

പ്രതിഷേധം ദേശവ്യാപക സമരത്തിലേക്ക് കടക്കുകയും ജനജീവിതത്തെ ബാധിക്കാനും തുടങ്ങിയതോടെ ഇസ്രയേല്‍ പോലീസ് രംഗത്തിറങ്ങി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ബന്ദികളുടെ ദുരിതജീവിതത്തിന്റെ വീഡിയോ ഹമാസ് പുറത്തുവിട്ട് ആഴ്ചകള്‍ക്കു ശേഷമാണ് ഇസ്രയേലില്‍ പ്രതിഷേധം രൂപപ്പെട്ടത്. സൈനിക നടപടികള്‍ വീണ്ടും കടുപ്പിക്കുന്നത് ഗാസയിലുള്ള ഇസ്രയേലികളുടെ ജീവന് ഭീഷണിയാകുമെന്നാണ് പ്രതിഷേധക്കാര്‍ ഭയക്കുന്നത്. ബന്ദിയാക്കപ്പെട്ടവരില്‍ ഇരുപതോളം പേര്‍ ജീവനോടെയുണ്ടെന്നാണ് ഇസ്രയേല്‍ വിലയിരുത്തുന്നത്. 

ഇസ്രയേലി രാഷ്ട്രീയക്കാരുടെ വീടുകള്‍ക്ക് മുന്നിലും സൈനിക ആസ്ഥാനങ്ങള്‍ക്കു മുന്നിലും പ്രധാന ദേശീയപാതകളിലും പ്രതിഷേധക്കാര്‍ കൂട്ടമായെത്തി തങ്ങളുടെ രോഷം രേഖപ്പെടുത്തി. റോഡുകള്‍ തടയുകയും ചെയ്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും തീയിട്ടുമായിരുന്നു പ്രതിഷേധങ്ങള്‍ പലതും. പ്രതിഷേധക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഭക്ഷണശാലകളും തിയേറ്ററുകളും അടച്ചു. ബന്ദിയാക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ പ്രചാരണത്തിന്‍റെ സൂചകമായ മഞ്ഞ നിറത്തിലുള്ള റിബണുകള്‍ നിരത്തുകളില്‍ വിതരണം ചെയ്യപ്പെട്ടു.

അതേസമയം, ഹമാസിനെ പരാജയപ്പെടുത്താതെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഹമാസിന്റെ നില ശക്തമാക്കുകയും ബന്ദികളുടെ മോചനം വൈകിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നെതന്യാഹു വിമര്‍ശിച്ചു. ഒക്ടോബര്‍ ഏഴ് ഭീകരത (ഹമാസ് ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്തുകയും നിരവധിപേരെ ബന്ദികളാക്കുകയും ചെയ്ത സംഭവം) ആവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.