
ടെഹ്‌റാന്‍/ ടെല്‍ അവീവ്: തുടര്‍ച്ചയായ അഞ്ചാംദിവസവും പോര്‍വിളി തുടര്‍ന്ന് ഇറാനും ഇസ്രയേലും. ചൊവ്വാഴ്ചയും ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ ജറുസലേമിലും ടെല്‍ അവീവിലും വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേലിലെ പലയിടങ്ങളിലും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി സൈറണുകള്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇറാന്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്)യും സ്ഥിരീകരിച്ചു. ഏകദേശം ഇരുപതോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും ഐഡിഎഫ് പറഞ്ഞു. ഇറാന്റെ മിസൈല്‍ ആക്രമണം തടയാന്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്നും ഐഡിഎഫ് അറിയിച്ചു. മധ്യഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരില്ലാത്ത ഒരു ബസിനും വാഹനങ്ങള്‍ക്കും തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും 'ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ 'അയേണ്‍ ഡോം' ഹാക്ക് ചെയ്തതായി ഇറാന്‍ അവകാശപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അയേണ്‍ ഡോം സംവിധാനത്തിനുമേല്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനായെന്നും ഇതേത്തുടര്‍ന്ന് ഇസ്രയേലിന്റെ മിസൈലുകള്‍ തന്നെ ഇസ്രയേലിലെ പലയിടങ്ങളിലും പതിച്ചെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരേ ഇസ്രയേലും ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇറാന്റെ മിസൈല്‍കേന്ദ്രങ്ങളും പോര്‍വിമാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. കഴിഞ്ഞദിവസം ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്' ആസ്ഥാനത്തിന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ന്യൂസ് എഡിറ്ററായ നിമ റജബ്പൗര്‍, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരനായ മസൗം അസീമി എന്നിവരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ടെലിവിഷന്‍ ആസ്ഥാനത്തിന് നേരേ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ടെലിവിഷന്‍ ചാനലുകളുടെ ആസ്ഥാനത്തുനിന്ന് ജീവനക്കാര്‍ എത്രയുംവേഗം ഒഴിഞ്ഞുപോകണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടത്.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും ആയിരക്കണക്കിന് പേരാണ് ടെഹ്‌റാന്‍ നഗരംവിട്ടത്. എല്ലാവരും ഉടന്‍ ടെഹ്‌റാന്‍ വിടണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെഹ്‌റാനില്‍നിന്നുള്ള റോഡുകളിലെല്ലാം വന്‍ ഗതാഗതക്കുരുക്കാണെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, പശ്ചിമേഷ്യയിലെ പ്രശ്‌നപരിഹാരത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി അമേരിക്കയിലേക്ക് മടങ്ങി. വാഷിങ്ടണിലേക്ക് മടങ്ങിയ അദ്ദേഹം നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ദേശീയ സുരക്ഷാ കൗണ്‍സിലും വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Content Highlights: Iran and Israel continue their 5th day of intense conflict with missile attacks reported in Tel Aviv
Published: 17 Jun 2025, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented