ഫ്രാങ്ക്ഫര്‍ട്ട്: പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കി ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചതോടെ വിമാന സര്‍വീസുകളും മുടങ്ങി. ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ട് പശ്ചിമേഷ്യന്‍ മേഖലയുടെ ആകാശത്ത് കൂടെ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ പാതിവഴിയില്‍ തിരികെ ജര്‍മ്മനിയിലേക്ക് മടങ്ങി. ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി തിരികെ പോയത്. 

To advertise here,

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട LH 756, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട LH 752 എന്നീ വിമാനങ്ങള്‍ തുര്‍ക്കിയ്ക്ക് മുകളിലെത്തിയപ്പോഴാണ് ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് അടിയന്തരമായി വിമാനങ്ങള്‍ തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നാലെ ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള മടക്ക വിമാനങ്ങള്‍ ലുഫ്താന്‍സ റദ്ദാക്കി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഇനി സര്‍വീസ് ഉണ്ടാകില്ലെന്ന് ലുഫ്താന്‍സ അറിയിച്ചു. 

സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്വിസ് എയർലൈന്‍സും ഈ രാജ്യങ്ങളുടെ മുകളിലൂടെ സര്‍വീസ് ഉണ്ടാകില്ല എന്ന് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇതുകാരണം 15 മിനിറ്റോളം അധികം സമയമെടുക്കും. ഇസ്രയേല്‍, ലൈബനന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയും തങ്ങള്‍ ഒഴിവാക്കുന്നതായി സ്വിസ് അറിയിച്ചു. 

പശ്ചിമേഷ്യയ്ക്ക് മുകളിലൂടെ പറക്കുന്ന എല്ലാ വിമാനങ്ങളുടേയും സുരക്ഷ ഓരോ ദിവസവും വിലയിരുത്തപ്പെടുന്നുണ്ടെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്‌. ഇതനുസരിച്ച് ആവശ്യമെങ്കില്‍ സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.