
ബെയ്റൂത്ത്: ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനിലെത്തി. ബെയ്റൂത്ത് തെക്കൻ ഭാഗങ്ങളിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. എങ്കിലും, ഇസ്രയേൽ സൈനികരും ഹിസ്ബുല്ല തീവ്രവാദികളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ലെബനനിൽ കരയുദ്ധത്തിനു തുനിഞ്ഞാൽ തിരിച്ചടിക്കാൻ പൂർണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ കരയുദ്ധം തുടങ്ങിയത്. കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേൽ കരുതൽ സേനാംഗങ്ങളെ തിരിച്ചുവിളിക്കുകയും കൂടുതൽ സൈനികരെയും കവചിതവാഹനങ്ങളും ലെബനൻ അതിർത്തിയിലെത്തിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ബെകാ വാലിയിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആറ് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. സംഘർഷം തുടങ്ങിയശേഷം ആദ്യമായി മധ്യ ബയ്റുത്തിലും ഇസ്രയേൽ ആക്രമണം നടത്തി. പാർപ്പിടസമുച്ചയം തകർന്ന് ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇവിടത്തെ കോല പട്ടണത്തിലുണ്ടായ ആക്രമണത്തിൽ പലസ്തീൻ അനുകൂല സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീന്റെ (പി.എഫ്.എൽ.പി.) മൂന്നു നേതാക്കൾ കൊല്ലപ്പെട്ടു. ശനി-ഞായർ ദിവസങ്ങളിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു.
രണ്ടാഴ്ചത്തെ ആക്രമണങ്ങളിൽ രാജ്യത്ത് ആയിരത്തിലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആറായിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ പ്രധാന കമാൻഡർമാരെയെല്ലാം ഇസ്രയേൽ വധിച്ചു. 10 ലക്ഷം പേർ അഭയാർഥികളായി. ഒരാഴ്ചകൊണ്ട് ലെബനനിൽനിന്ന് സിറിയയിലേക്ക് ഒരു ലക്ഷം പേർ പലായനം ചെയ്തെന്ന് യു.എൻ. അറിയിച്ചു.
Content Highlights: Israel begins ground operation against Hezbollah targets in Lebanon
Published: 01 Oct 2024, 06:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented