ടെല്‍ അവീവ്: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്കി. ബന്ദികളുടെ ജീവന് അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്കിയ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ കീഴടക്കുന്നത് ഗാസ സിറ്റി എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.ഗാസ മുഴുവന്‍ ഏറ്റെടുക്കുമെന്നായിരുന്നു നെതന്യാഹു നേരത്തെ പറഞ്ഞിരുന്നത്.
യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് ഇസ്രയേല്‍ മാനുഷിക സഹായം നല്‍കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു. ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ഇസ്രയേല്‍ ആവശ്യപ്പെടുന്ന അഞ്ച് വ്യവസ്ഥകളുടെ ഒരു പട്ടികയെ ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും പിന്തുണച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അവ താഴെ പറയുന്നവയാണ്.
ഹമാസിന്റെ നിരായുധീകരണം, ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 20 പേര് ഉള്‍പ്പെടെ, ശേഷിക്കുന്ന 50 ബന്ദികളെയും തിരികെ കൊണ്ടുവരല്‍, ഗാസ മുനമ്പില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, ഗാസ മുനമ്പിന്മേല്‍ ഇസ്രായേലിന്റെ സുരക്ഷാ നിയന്ത്രണം, ഹമാസോ പലസ്തീനിയന്‍ അതോറിറ്റിയോ അല്ലാത്ത ഒരു ബദല്‍ ഭരണകൂടം തുടങ്ങിയ ആവശ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രയേല്‍ മുന്നോട്ട് വെക്കുന്നത്.
എന്നാല്‍ പ്രസ്താവനയില്‍ ബദല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നില്ല. ഗാസ മുനമ്പ് പിടിച്ചടക്കുന്നത് ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും ബന്ദികളുടെ ജീവന് അപകടത്തിലാക്കുമെന്നും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് അധിനിവേശം ഗാസ സിറ്റി എന്നതിലേക്ക് മാത്രമായി ഇസ്രയേല്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്.
ഗാസയുടെ 75 ശതമാനം ഭാഗങ്ങളും ഇസ്രയേല്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ്. അവശേഷിക്കുന്ന 25 ശതമാനത്തില്‍ മധ്യ ഗാസയിലെ നിരവധി അഭയാര്‍ത്ഥി ക്യാമ്പുകളും,ഗാസ സിറ്റിയും ഉള്‍പ്പെടുന്നു. അവശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും പിടിച്ചെടുക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് സൈന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ സമ്പൂര്‍ണ്ണ പിടിച്ചെടുക്കല്‍ ഘട്ടം ഘട്ടമായിരിക്കുമെന്നതിന്റെ സൂചനയാണ് ആദ്യം ഗാസ സിറ്റി കീഴടക്കാനുള്ള നീക്കത്തിന് പിന്നില്‍. ഏകദേശം 800,000 ആളുകള്‍ താമസിക്കുന്ന ഗാസ സിറ്റിയില്‍ നിന്ന് ഒഴിപ്പിക്കലിന് സൈനിക നടപടിക്ക് ആവശ്യമായി വന്നേക്കാം.
അതേസമയം ഗാസയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുക്കുമെങ്കിലും അവിടം ഭരിക്കാന്‍ ഇസ്രയേലിന് ഉദ്ദേശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹമാസിനെ നശിപ്പിക്കുന്നതിനായി ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുക്കുകയും ഒടുവില്‍ ഭരണം സൗഹൃദ് രാജ്യങ്ങളായ അറബ് രാജ്യങ്ങള്‍ക്ക് കൈമാറുകയും ചെയ്യുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച പറഞ്ഞത്.
ഗാസയില്‍ സൈനികനടപടി വിപുലീകരിക്കാനുള്ള ഇസ്രയേല്‍ശ്രമത്തെ ഹമാസ് അപലപിച്ചിട്ടുണ്ട്. വ്യക്തിതാത്പര്യങ്ങള്‍ക്കുവേണ്ടി നെതന്യാഹു ബന്ദികളെ ബലിയാടാക്കുകയാണെന്നും ആരോപിച്ചു.
Content Highlights: Israeli Security Cabinet Approves Gaza City Takeover Despite IDF Warnings
Published: 08 Aug 2025, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented