
ബയ്‌റുത്ത്: ലബനൻ തലസ്ഥാനമായ ബയ്‌റുത്തിന്റെ തെക്കൻ മേഖലയിലുള്ള ഹിസ്ബുള്ളയുടെ ആസ്ഥാനം വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രയേൽ വ്യോമസേന അവകാശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ വ്യോമസേന തങ്ങളുടെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പുറത്തുവിട്ടു. ദാഹിയ മേഖലയിലെ കെട്ടിടത്തിന് നേരെ ഇസ്രയേൽ യുദ്ധവിമാനങ്ങൾ മിസൈൽ വർഷിക്കുന്നതും കെട്ടിടം വൻ സ്ഫോടനത്തോടെ തകരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഹിസ്ബുള്ളയുടെ ശക്തമായ സ്വാധീനമേഖലയായ ദാഹിയയിലെ ഒരു അപ്പാർട്ട്മെന്റിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. കെട്ടിടത്തിന് സമീപത്തെ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന സമയത്തായിരുന്നു ആക്രമണം. വാഹനങ്ങൾക്ക് എന്തെങ്കിലും നാശനഷ്ടം സംഭവിച്ചോ എന്ന് വ്യക്തമല്ല. ആക്രമണത്തെത്തുടർന്ന് തകർന്ന കെട്ടിടത്തിനിടയിൽ ആളുകൾ തിരച്ചിൽ നടത്തുന്നതായി വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു.
തകർത്ത കെട്ടിടം ഹിസ്ബുള്ളയുടെ ആസ്ഥാനമായാണ് പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രയേൽ വ്യോമസേന അവകാശപ്പെട്ടു. ഇസ്രയേൽ പൗരന്മാർക്കും തെക്കൻ ലബനനിൽ യുദ്ധം ചെയ്യുന്ന ഇസ്രയേൽ പ്രതിരോധ സേനയ്ക്കുമെതിരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനാണ് ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്നും അവർ ആരോപിച്ചു. ഞായറാഴ്ച ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ നടപടിയെന്നും വ്യോമസേന വ്യക്തമാക്കി.
അതിനിടെ, വടക്കൻ ഇസ്രയേലിൽ ഞായറാഴ്ച ഹിസ്ബുള്ളയുടേതെന്ന് സംശയിക്കുന്ന മൂന്ന് ഡ്രോണുകൾ വന്നിടിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ ഈ സംഭവങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ല. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യത്തിന് നേരെ പലയിടത്തും ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടെങ്കിലും വടക്കൻ ഇസ്രയേലിൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളുടെ ഉത്തരവാദിത്തം അവർ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
Content Highlights: The Israeli Air Force launched a powerful airstrike destroying Hezbollah's headquarters in the Dahiyeh region of Beirut, releasing video footage of the explosion as retaliation for recent drone attacks targeted at northern Israel.
Published: 14 Jun 2026, 08:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented