
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടം | ഫോട്ടോ: എഎഫ്പി
ബയ്‌റുത്ത്: ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ ലക്ഷ്യമിട്ട് ലെബനന്‍ തലസ്ഥാനമായ ബയ്‌റുത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ഞായറാഴ്ചയാണ് ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള ബയ്‌റുത്തിന്റെ തെക്കന്‍ മേഖലകളില്‍ ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും 21 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് അത്യാഹിതങ്ങളുടെ പ്രാഥമിക കണക്കാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മേഖലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പതുനില കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലാണ് മിസൈലുകള്‍ പതിച്ചതെന്നും രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ പരിശോധന നടത്തുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട്‌ചെയ്തു. മൂന്ന് മിസൈലുകളാണ് കെട്ടിടത്തില്‍ പതിച്ചതെന്നും ഇതിന്റെ ആഘാതത്തില്‍ സമീപത്തെ വാഹനങ്ങള്‍ക്കും മറ്റുകെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ ലക്ഷ്യമിട്ടാണ് ബയ്‌റുത്ത് നഗരത്തിനുള്ളിലെ കെട്ടിടത്തിനുനേരേ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ലെബനിനിലെ ഒരു ലക്ഷ്യത്തിനുനേർക്കാണ് ഏറ്റവുംപുതിയ ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും വ്യക്തമാക്കി. ''ബയ്‌റുത്തിന്റെ ഹൃദയഭാഗത്ത് ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ ആക്രമിച്ചു. ഹിസ്ബുള്ളയെന്ന ഭീകരസംഘടനയെ വളര്‍ത്താനും ആയുധങ്ങള്‍ നല്‍കി പുനഃസജ്ജീകരിക്കാനും നേതൃത്വം നല്‍കിയ ആളാണ് ഇയാളെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലായിടത്തും എപ്പോഴും തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി ഇസ്രയേല്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ലെബനനില്‍ ഹിസ്ബുള്ള പുനഃസംഘടിപ്പിക്കുന്നത് തടയാന്‍ ഇസ്രയേല്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും നെതന്യാഹു നേരത്തേ പറഞ്ഞിരുന്നു.
കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും പലതവണകളായി ഇസ്രയേല്‍ ലെബനനില്‍ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ലെബനന്റെ തെക്ക്, കിഴക്ക് മേഖലകളിലാണ് ആക്രമണം നടത്തുന്നതെന്നായിരുന്നു ഇസ്രയേല്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഹിസ്ബുള്ളയുടെ ഡ്രോണ്‍ ഫാക്ടറിക്ക് നേരേയും ഇസ്രയേല്‍ ആക്രമണമുണ്ടായി. ഇതിനുശേഷമുള്ള ഏറ്റവും പുതിയ ആക്രമണമാണ് ഞായറാഴ്ചയുണ്ടായത്.
Content Highlights: Israel launches airstrike in Beirut, Lebanon, targeting Hezbollah`s Chief of Staff. Reports indicate casualties and significant damage. Read the latest updates.
Published: 23 Nov 2025, 09:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented