
ഇസ്ലാമാബാദ്: പാകിസ്താൻ നേതാക്കളുമായി ചർച്ച നടത്തിയശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്ലാമാബാദ് വിട്ടു. പിന്നാലെ യുഎസ് ചർച്ചയ്ക്കായി നിയോഗിച്ച സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നർ എന്നിവരുടെ പാകിസ്താൻ യാത്ര റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഫോക്സ് ന്യൂസാണ് ട്രംപിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുഎസ് പ്രതിനിധികൾ ചർച്ചയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവരെ കാത്തുനിൽക്കാതെയായിരുന്നു ഇറാൻ സംഘത്തിന്റെ മടക്കം. ഇതോടെ ഇറാനും യുഎസും തമ്മിലുള്ള സമാധാന ചർച്ച വീണ്ടും അനിശ്ചിതത്വത്തിലായി.
ഇതിനിടെ ഇറാൻ പ്രതിനിധി സംഘം ഞായറാഴ്ചയോ തിങ്കളാഴ്ചയോ മടങ്ങി എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. അബ്ബാസ് അരാഗ്ചിയും സംഘവും ഒമാൻ തലസ്ഥാനമായ മസ്‌ക്കറ്റിലേക്കാണ് തിരിച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെയുള്ള അദ്ദേഹത്തിന്റെ സന്ദർശന ഷെഡ്യൂളിൽ ഒമാനും റഷ്യയും ഉണ്ട്.
പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി ചർച്ചകൾ നടത്തിയ ശേഷമാണ് ഇറാൻ സംഘം മടങ്ങിയത്. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുന്നതിനടമുള്ള തങ്ങളുടെ നിർദേശങ്ങൾ ഇറാൻ പ്രതിനിധികൾ പാക് നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇറാന്റെ ആവശ്യങ്ങൾ പാകിസ്താൻ യുഎസിനെ അറിയിച്ചേക്കും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നർ എന്നിവർ ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് ഇന്ന് തിരിക്കുമെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചിരുന്നത്. എന്നാൽ ഇറാൻ ചർച്ചയ്ക്ക് സന്നദ്ധത അറിയിക്കാതിരുന്നതോടെ അവർ യുഎസിൽ തുടരുകയായിരുന്നു. പിന്നാലെയാണ് യാത്ര റദ്ദാക്കിയതും.
ആദ്യ ചർച്ച പരാജയപ്പെട്ട ശേഷം കഴിഞ്ഞ കുറച്ചു ദിവസമായി രണ്ടാംഘട്ട ചർച്ച നടത്താനുള്ള ശ്രമത്തിലാണ് മധ്യസ്ഥരായ പാകിസ്താൻ.
ഒരാഴ്ചത്തോളമായി ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ അടക്കം ഏർപ്പെടുത്തി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് വെള്ളിയാഴ്ച ഇറാൻ പ്രതിനിധികൾ ഇസ്ലാമാബാദിലെത്തിയത്. ഇതോടെ അനിശ്ചിതത്വത്തിന് വിരാമമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
Content Highlights: Iranian FM Abbas Araghchi left Islamabad after meeting Pakistani leadership., US representatives Steve Witkoff and Jared Kushner have not arrived as scheduled.,
Published: 25 Apr 2026, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented