വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്റെ തീവ്രത കരുതിയതിനേക്കാൾ രൂക്ഷമെന്ന് റിപ്പോർട്ട്. പെൻറഗണിൻ്റെ പ്രാഥമിക നാശനഷ്ട കണക്കുകളെക്കാൾ വളരെ വലുതാണ് യഥാർഥ കണക്കെന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് വ്യക്തമാകുന്നു.

To advertise here,

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ നാവികസേനാ ആസ്ഥാനമുൾപ്പെടെ ഇരുപതോളം അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന്, ഇറാൻ്റെ റഡാർ പരിധിക്ക് പുറത്തേക്ക് സൈനിക താവളങ്ങൾ മാറ്റുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രതിരോധ മന്ത്രാലയം ആലോചിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി മുതൽ ബഹ്‌റൈനിലെ നേവൽ സപ്പോർട്ട് ആസ്ഥാനത്തിനുനേരെ ഉണ്ടായ ആക്രമണങ്ങളിൽ വൻ നാശനഷ്ടമാണുണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. താവളത്തിൻ്റെ കമാൻഡ് ആസ്ഥാനം, പന്ത്രണ്ടോളം കെട്ടിടങ്ങൾ, രണ്ട് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകൾ എന്നിവ തകർന്നു. ഗൾഫ് താവളങ്ങളുടെ സുരക്ഷാ ഭീഷണി മുൻപ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ട്രംപ് ഭരണകൂടത്തിന് മാറ്റങ്ങൾ നടപ്പിലാക്കാൻ സാധിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സൈനിക താവളങ്ങളുടെ പുനർനിർമ്മാണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ബഹ്‌റൈനിലെ താവളം പുനർനിർമ്മിക്കാൻ ഏകദേശം 400 മില്യൺ ഡോളർ (ഏകദേശം 3300 കോടി രൂപ) ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തിനായി ഇതുവരെ ചെലവായ 29 ബില്യൺ ഡോളറിൽ സൈനിക താവളങ്ങൾക്കുണ്ടായ ഈ നാശനഷ്ടങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പെൻറഗൺ കോംപ്‌ട്രോളർ ജേ ഹർസ്റ്റ് വ്യക്തമാക്കി. 

ഭാവിയിൽ ഇസ്രയേലിനെ ഒരു സൈനിക താവളമായി ഉപയോഗിക്കുന്ന കാര്യവും അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, പ്രധാനപ്പെട്ട കമാൻഡ് സെൻററുകൾ ഭൂമിക്കടിയിലേക്ക് മാറ്റാനും സൈനിക ക്യാമ്പുകൾ ഒരിടത്ത് കേന്ദ്രീകരിക്കാതെ പലയിടത്തായി വിന്യസിക്കാനും പദ്ധതിയുണ്ട്.

മേഖലയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ അമേരിക്ക ആക്രമണങ്ങൾ തുടർന്നാൽ നിലവിൽ നടക്കുന്ന സമാധാന ചർച്ചകളിൽനിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.