
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ യുഎസിനുണ്ടാകുന്നത് വൻസാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 28-ാം തീയതി യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ യുഎസിന്റെ രണ്ട് ഡസനിലേറെ അത്യാധുനികവും വിലയേറിയതുമായ എംക്യൂ-9 റീപ്പർ ഡ്രോണുകൾ ഇറാൻ തകർത്തെന്നാണ് വിവരം. മൂന്നു കോടി ഡോളർ ആണ് ഒരു എംക്യു-9 റീപ്പർ ഡ്രോണിന്റെ വില. അങ്ങനെ നോക്കുമ്പോൾ ഏകദേശം നൂറു കോടിയോളം ഡോളറിന്റെ നഷ്ടം ഇത്തരത്തിൽതന്നെ യുഎസിന് ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്.
ചുരുങ്ങിയത് 24 എംക്യു-9 റീപ്പർ ഡ്രോണുകൾ തകർക്കപ്പെട്ടിട്ടുണ്ടാകാമെന്നും ഇത് 30 വരെ ആകാൻ സാധ്യതയുണ്ടെന്നുമാണ് സൂചന. സൈനിക നടപടിക്കിടെ കേടുപാട് സംഭവിച്ചതും പിന്നീട് ഉപയോഗശൂന്യമായതും ഉൾപ്പെടെയുള്ള കണക്കാണിത്. ലക്ഷ്യത്തിലേക്കു പോകവേ അന്തരീക്ഷത്തിൽവെച്ചാണ് ഭൂരിഭാഗം എംക്യൂ-9 റീപ്പറുകളും തകർക്കപ്പെട്ടത്. മറ്റു ചിലതാകട്ടെ, ഇറാന്റെ ആക്രമണത്തിലും സൈനിക നടപടികൾക്കിടെയുമാണ് തകർക്കപ്പെട്ടത്.
യുഎസ്, ഇസ്രയേൽ- ഇറാൻ സംഘർഷകാലത്ത് അമേരിക്കൻ സൈന്യം ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നവയാണ് എംക്യു-9 റീപ്പർ ഡ്രോണുകൾ. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ, ക്യാമറകൾ, സെൻസറുകൾ, ഹെൽഫയർ മിസൈലുകളെയും ജോയിന്റ് ഡയറക്ട് അറ്റാക്ക് മുനിഷൻ ഗൈഡഡ് ബോംബുകളെയും വഹിക്കാനുള്ള ശേഷി എന്നിവയാണ് എംക്യു-9 റീപ്പറുകളുടെ സവിശേഷത. അമേരിക്കയിൽ ഇവയുടെ ഉത്പാദനം നിർത്തിയതിനാൽ പകരം സംവിധാനം കണ്ടെത്തുന്നതും പ്രയാസകരമാണ്.
എംക്യു-9 റീപ്പർ ഡ്രോണുകൾ തകർക്കപ്പെട്ടതിലൂടെയുണ്ടായ നഷ്ടം, അത് വലുതാണെങ്കിലും യുദ്ധം ആരംഭിച്ചതിന് പിന്നാലെ അമേരിക്കയ്ക്കുണ്ടായ വൻ സാമ്പത്തിക ആഘാതത്തിൽ ചെറിയൊരു ഭാഗം മാത്രമാണിത്. കാരണം ടോംഹോക്ക് ക്രൂയിസ് മിസൈലുകളും ജെഎഎസ്എസ്എം-ഇആർ ദീർഘദൂര മിസൈലുകളും ഉൾപ്പെടെ നിരവധി അത്യാധുനിക ആയുധങ്ങൾ അമേരിക്കയ്ക്ക് നഷ്ടമായിക്കഴിഞ്ഞു.
Content Highlights: Approximately 24 to 30 MQ-9 Reaper drones destroyed by Iran., Financial loss estimated at $1 billion USD., Incidents reported following the onset of military operations on February 28., Losses include high-tech surveillance and combat capabilities., US military faces difficulty in replacing these discontinued assets.
Published: 22 May 2026, 12:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented