ദുബായ്: ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം താളംതെറ്റി. ഏഴ് വിമാനത്താവളങ്ങളിൽനിന്നുള്ള 3,400 വിമാനസർവ്വീസുകളാണ് ഞായറാഴ്ച റദ്ദാക്കിയത്. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായി.
ഞായറാഴ്ച തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്ന 17 വിമാനസർവീസുകളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന 16 വിമാന സർവീസുകളും റദ്ദാക്കി. സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക, മാലദ്വീപ് സർവീസുകൾക്ക് തടസ്സമില്ല. തിങ്കളാഴ്ചയുള്ള അഞ്ച് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ സർവീസുകൾ റദ്ദാക്കിയേക്കുമെന്നാണ് സൂചന.
രാജ്യത്ത് ഇന്ന് സർവീസ് നടത്തേണ്ടിയിരുന്ന 350 വിമാനങ്ങൾ റദ്ദാക്കിയെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഡൽഹിയിൽനിന്ന് മാത്രം നൂറോളം സർവീസുകൾ റദ്ദാക്കിയെന്നാണ് വിവരം. പാശ്ചാത്യ രാജ്യങ്ങളിലേക്കും ലണ്ടൻ ഉൾപ്പെടെയുള്ളയിടങ്ങളിലേക്കുമുള്ള വിമാന സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും.
യുഎസ്- ഇസ്രയേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ ജിസിസി രാജ്യങ്ങൾ അടിയന്തര യോഗം വിളിച്ചുചേർത്തു. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ വീഡിയോ കോൾ വഴി യോഗത്തിൽ പങ്കെടുത്തതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
സംഘർഷ സാഹചര്യം മുൻനിർത്തി ചൊവ്വാഴ്ചവരെ ഓഫീസുകൾ തുറന്നു പ്രവർത്തിക്കരുതെന്ന് യുഎഇ തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലാ ജീവനകാർക്ക് വർക്ക് ഫ്രം ഹോം നൽകാനും നിർദേശിച്ചിട്ടുണ്ട്. യുഎഇ-യിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിട്ടുമുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജും അടച്ചു. ഗ്ലോബൽ വില്ലേജിലേയ്ക്ക് സന്ദർശകർക്ക് ഞായറാഴ്ച പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഇറാൻ, ഇസ്രയേൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷമേഖലയിലുള്ള മലയാളികൾക്കായി ഡൽഹി കേരളാ ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 എന്നീ കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാം.
റസിഡന്റ് കമ്മീഷണർ പുനീത് കുമാർ , അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ്. ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വർ, നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.
ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികൾ ആരംഭിച്ച ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.
എംബസി ഓഫ് ഇന്ത്യ, അബുദാബി: 800-46342 ടോൾ ഫ്രീ നമ്പർ, വാട്സ് ആപ്പ് : +971543090571
എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946
എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തർ: +974-55647502
എംബസി ഓഫ് ഇന്ത്യ, ബഹറിൻ: 0097339418071
Content Highlights: Over 3400 flights were cancelled across 7 major GCC airports following an attack by Iran., Key hubs like Dubai, Abu Dhabi, and Doha experienced significant disruptions., GCC foreign ministers held an emergency meeting to discuss the regional conflict., The UAE implemented safety measures, including work-from-home directives and the closure of Global Village., A 24/7 control room has been set up at Kerala House, Delhi, for Malayalis in the region, alongside Indian embassy helplines.
Published: 01 Mar 2026, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented