കൊച്ചി: ശ്രീലങ്കയിലെ ഡിറ്റ്‌വാ ചുഴലിക്കാറ്റ് ദുരന്തത്തിൽ സഹായവുമായി ഇന്ത്യൻ നാവികസേന. ഓപ്പറേഷൻ സാഗർ ബന്ധുവിനു കീഴിൽ സമഗ്ര ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് നാവികസേന ഏറ്റെടുത്തിരിക്കുന്നത്.

To advertise here,

ശ്രീലങ്കൻ നാവികസേനയുടെ 75-ാം വാർഷിക അന്താരാഷ്ട്ര ഫ്ളീറ്റ് അവലോകനത്തിന്റെ ഭാഗമായി ഇപ്പോൾ കൊളംബോയിലുള്ള ഇന്ത്യൻ നാവിക കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി എന്നിവയ്ക്കാണ് അടിയന്തര സഹായം നൽകുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.

ദുരിതബാധിത പ്രദേശങ്ങളിലെ വ്യോമ നിരീക്ഷണത്തിനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കുമായി കപ്പലിൽ നിന്നുള്ള ഹെലികോപ്റ്ററുകൾ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

ദുരന്തനിവാരണ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേന നേരത്തേ ട്രിങ്കോമാലിയിലേക്ക് ഐഎൻഎസ് സുകന്യയെ വിന്യസിച്ചിരുന്നു. ശ്രീലങ്കയിലെ ജനങ്ങൾക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ കപ്പലിൽ എത്തിച്ചു. അവശ്യ സഹായങ്ങൾ സമയബന്ധിതമായും ഫലപ്രദമായും വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അടുത്ത ഏകോപനവും നടക്കുന്നുണ്ട്.