ടെഹ്റാൻ: ഇസ്രായേൽ ആക്രമണം ശക്തമാകുന്നതിനിടെ സഹായാഭ്യർഥനയുമായി ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ. മേഖലയിലുടനീളം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ വിവിധ നഗരങ്ങളിൽനിന്നായി പതിനെട്ടിലധികം അടിയന്തര സഹായ അഭ്യർഥനകൾ ലഭിച്ചതായി ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ (AIMSA) അറിയിച്ചു. ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണെന്നും അടിയന്തരമായി നാട്ടിലെത്തിക്കണമെന്നുമാണ് ഇവരുടെ ആവശ്യമെന്ന് എയിംസ അറിയിച്ചു.

To advertise here,

ദർവാസെ-യെ ഷിറാസിയിൽ നടന്ന ആക്രമണത്തെത്തുടർന്ന് 32 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ കെട്ടിടങ്ങളുടെ ബേസ്‌മെന്റുകളിൽ അഭയം തേടിയിരിക്കുകയാണ്. മാർച്ച് ഏഴ് മുതൽ ഇവരിൽനിന്നുള്ള ആശങ്ക രേഖപ്പെടുത്തിയുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് എയിംസ അറിയിച്ചു. ഷിറാസിൽ സ്ഫോടനങ്ങൾ കേട്ടതായി വിദ്യാർഥികൾ അറിയിച്ചിട്ടുണ്ട്. കെർമാനിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം ലഭ്യമാകുന്നില്ലെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. 

ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്ന് ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഷാഹിദ് ബെഹെഷ്തി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളിലെ വിദ്യാർഥികളെ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. 

വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉടൻ ഇടപെടണമെന്നും അടിയന്തരമായി അവരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും എയിംസ പ്രതിനിധി ഡോ. മുഹമ്മദ് മോമിൻ ഖാൻ ആവശ്യപ്പെട്ടു.