വാഷിങ്ടൺ: അമേരിക്കയിലെ എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്കെതിരെ ഉയർന്ന വംശീയമായ അധിക്ഷേപങ്ങൾക്കും വിദ്വേഷ പരാമർശങ്ങൾക്കും ശക്തമായ മറുപടി നൽകി ഇന്ത്യൻ-അമേരിക്കൻ ആക്ടിവിസ്റ്റ് നേഹ സുരത്രൻ. ടെക്സസിലെ ഫ്രിസ്കോ സിറ്റി കൗൺസിൽ യോഗത്തിൽ നേഹ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പ്രാദേശിക കമ്മ്യൂണിറ്റികൾക്ക് ഇന്ത്യൻ പ്രൊഫഷണലുകൾ ഒരു ഭീഷണിയാണ് എന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളെ അവർ അക്കമിട്ട് നിരത്തിയ വസ്തുതകൾ കൊണ്ട് നേരിട്ടു.

To advertise here,

കണക്കുകൾ നിരത്തിക്കൊണ്ടുള്ള നേഹയുടെ വാദങ്ങൾ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഉന്നത വിദ്യാഭ്യാസവും ഉയർന്ന വരുമാനവുമുള്ളവരാണെന്നും അവരിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി. സുരക്ഷിതമായ കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കാനും സ്കൂളുകളുടെ നിലവാരം ഉയർത്താനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകാനും സഹായിക്കുന്ന ഒരു വിഭാഗത്തെ ഭയപ്പെടുന്നത് എന്തിനാണെന്ന് അവർ സിറ്റി കൗൺസിലിനോട് ചോദിച്ചു.

തങ്ങളുടെ സാന്നിധ്യം ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നാണെന്നും നേഹ വ്യക്തമാക്കി. സ്വന്തം കുട്ടികൾ സുരക്ഷിതമായ അയൽപക്കങ്ങളിൽ വളരണമെന്നും മികച്ച സ്കൂളുകളിൽ പഠിക്കണമെന്നും ആഗ്രഹിക്കുന്ന ആർക്കും ഇന്ത്യൻ സമൂഹത്തെ എതിർക്കാനാവില്ലെന്ന് അവർ പറഞ്ഞു. ഇന്ത്യൻ സംസ്കാരം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണത്തെയും നേഹ പ്രതിരോധിച്ചു. തങ്ങൾ അമേരിക്കൻ രീതികളായ താങ്ക്സ്ഗിവിങും ക്രിസ്മസും ഒരേപോലെ ആഘോഷിക്കാറുണ്ടെന്നും ആരെയും മതം മാറ്റാൻ ഹിന്ദു മതം ശ്രമിക്കാറില്ലെന്നും അവർ വ്യക്തമാക്കി.

നേഹയുടെ പ്രസംഗത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വംശീയ അധിക്ഷേപങ്ങൾക്കുള്ള ഏറ്റവും മികച്ച മറുപടിയാണിതെന്ന് പല സാമൂഹികമാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു.