വാഷിങ്ടണ്‍: ഇന്ത്യയിലെ പൊതുമേഖലാ എണ്ണസംസ്‌കരണ കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നത് നിര്‍ത്തിയതായുള്ള റിപ്പോര്‍ട്ടുകളെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ തീരുമാനത്തെ 'നല്ല നടപടി' എന്ന് വിശേഷിപ്പിച്ച ട്രംപ് പക്ഷേ ഈ അവകാശവാദം കൃത്യമാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു.

To advertise here,

ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ട്രംപ്. ''ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പോകുന്നില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതാണ് ഞാന്‍ കേട്ടത്. ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. അതൊരു നല്ല നടപടിയാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം.'' - ട്രംപ് പറഞ്ഞു.

റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിന് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്താന്‍ യുഎസ് തീരുമാനിച്ചതിനു ദിവസങ്ങള്‍ക്കു ശേഷമാണ് ട്രംപിന്റെ പ്രതികരണം. യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യ ഉപരോധങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യ, റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ എണ്ണ ഇറക്കുമതി തുടരുന്നതിനെ നേരത്തേ ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച, വ്യാപാരക്കരാറില്‍ അന്തിമധാരണയാകാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 25% അധിക ഇറക്കുമതി തീരുവയ്ക്ക് പുറമേ, പിഴ ചുമത്താന്‍ യുഎസ് പ്രസിഡന്റ് തീരുമാനിച്ചത്.

റഷ്യയില്‍നിന്ന് എണ്ണവാങ്ങല്‍ നിര്‍ത്തി ഇന്ത്യ

റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് നിര്‍ത്തി രാജ്യത്തെ പൊതുമേഖലാ എണ്ണസംസ്‌കരണ കമ്പനികള്‍. യൂറോപ്യന്‍ യൂണിയന്റെ ഉപരോധവും അമേരിക്കയുടെ തീരുവയ്ക്കുമേലുള്ള പിഴയും ഇന്ത്യന്‍ കമ്പനികള്‍ക്കുമേല്‍ അമേരിക്ക ഉപരോധം കൊണ്ടുവരുന്നതും എല്ലാം റഷ്യയില്‍നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്നിവ റഷ്യന്‍ എണ്ണയ്ക്കായി പുതിയ ഓര്‍ഡറുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.