മാലെ: ഏറെ നാള്‍ നയതന്ത്ര അകല്‍ച്ചയിലായിരുന്ന അയല്‍രാജ്യമായ മാലദ്വീപിന് 4850 കോടി രൂപയുടെ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) അനുവദിച്ച് ഇന്ത്യ. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനവേളയിലാണ് പ്രഖ്യാപനം. ഒരു നിശ്ചിത തുകവരെ ആവശ്യമുള്ളപ്പോള്‍ കടമെടുക്കാനും തിരിച്ചടയ്ക്കാനും കഴിയുന്ന വായ്പാസൗകര്യമാണ് എല്‍ഒസി. തിരിച്ചടച്ച തുക വീണ്ടും കടമെടുക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.

To advertise here,

മാലദ്വീപിന്റെ ഏറ്റവും വിശ്വസ്തരായ പങ്കാളിയായതില്‍ ഇന്ത്യ അഭിമാനിക്കുന്നെന്ന് മോദി പറഞ്ഞു. വ്യാപാരം, പ്രതിരോധം, അടിസ്ഥാനസൗകര്യവികസനം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി മോദി ചര്‍ച്ച നടത്തി. ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി നിക്ഷേപക ഉടമ്പടി അന്തിമമാക്കുന്നതില്‍ ഇരുകൂട്ടരും യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു. മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചെന്നും പറഞ്ഞു.

ബ്രിട്ടന്‍ സന്ദര്‍ശനത്തിനുപിന്നാലെ, വെള്ളിയാഴ്ച രാവിലെ മാലദ്വീപിലെ വലേന വിമാനത്താവളത്തിലിറങ്ങിയ മോദിക്ക് മുയിസുവും മന്ത്രിമാരും ചേര്‍ന്ന് ഉജ്ജ്വല വരവേല്‍പ്പു നല്‍കി. ഇന്ത്യ-മാലദ്വീപ് നയതന്ത്രബന്ധത്തിന്റെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇരുവരും സ്റ്റാമ്പ് പുറത്തിറക്കി. പ്രസിഡന്റ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.

തികഞ്ഞ ചൈനാ അനുകൂലിയും ഇന്ത്യാവിരുദ്ധനുമായ മുയിസു 2023 നവംബറില്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായിരുന്നു. എന്നാല്‍, പിന്നീട് മുയിസു ഇന്ത്യാവിരുദ്ധനിലപാടുകള്‍ മയപ്പെടുത്തുകയായിരുന്നു.

മറ്റു തീരുമാനങ്ങള്‍

*ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റെറോളജി (ഐഐടിഎം) മാലദ്വീപ് മെറ്ററോളജിക്കല്‍ സര്‍വീസസ്, മാലദ്വീപ് ടൂറിസം മന്ത്രാലയം എന്നിവ തമ്മില്‍ ധാരണാപത്രം

*ഇന്ത്യനല്‍കിയ എല്‍ഒസികളുടെ വാര്‍ഷികവായ്പാ തിരിച്ചടവ് ബാധ്യത കുറയ്ക്കുന്നതു സംബന്ധിച്ച ധാരണ

* ഇന്ത്യന്‍ ഫാര്‍മക്കോപിയയെ മാലദ്വീപ് ഔദ്യോഗികമായി അംഗീകരിക്കാനുള്ള തീരുമാനം

* ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച് യുപിഐ നെറ്റ്‌വര്‍ക്ക് ടു നെറ്റ്‌വര്‍ക്ക് കരാര്‍

*ഇന്ത്യയുടെ ബയേഴ്‌സ് ക്രെഡിറ്റ് പദ്ധതിയുടെ ഭാഗമായി ഹുലുഹുമലെയില്‍ നിര്‍മിച്ച 3300 വീടുകള്‍ മാലദ്വീപിന് കൈമാറി