ന്യൂഡല്‍ഹി: പാകിസ്താന് അനുവദിച്ച വായ്പയുടെ അടുത്തഘട്ടം വിട്ടുനല്‍കാന്‍ പതിനൊന്ന് പുതിയ ഉപാധികള്‍ മുന്നോട്ടുവെച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയോ കൂടുതല്‍ വഷളാവുകയോ ചെയ്യുന്നത് വായ്പാപദ്ധതിയുടെ സാമ്പത്തിക, ബാഹ്യഘടകങ്ങളേയും പരിഷ്‌കരണലക്ഷ്യങ്ങളേയും പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും അന്താരാഷ്ട്ര നാണയനിധി പാകിസ്താന് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
17.6 ട്രില്യണ്‍ (17.6 ലക്ഷം കോടി രൂപ)യുടെ പുതിയ ബജറ്റ് പാര്‍ലമെന്റ് അംഗീകരിക്കുക, വൈദ്യുതി ബില്ലുകളിലെ ബാധ്യതകളുടെ സര്‍ചാര്‍ജില്‍ വര്‍ധനവ് നടപ്പാക്കുക, മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവ അന്താരാഷ്ട്ര നാണയനിധി ശനിയാഴ്ച പുറത്തിറക്കിയ പുതിയ ഉപാധികളില്‍ ഉള്‍പ്പെടുന്നതായി ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടെ അധികരിച്ചെങ്കിലും ഓഹരിവിപണി അതിന്റെ സമീപകാല നേട്ടങ്ങള്‍ നിലനിര്‍ത്തിയതിലൂടെ വിപണിയില്‍ കാര്യമായ ചലനം സംഭവിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തെ പാകിസ്താന്റെ പ്രതിരോധ ബജറ്റ് 2.414 ട്രില്യണ്‍ (2.4 ലക്ഷം കോടി രൂപ) ആണെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12 ശതമാനം കൂടുതലാണിത്. മേയ് ആദ്യം ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിനുശേഷം പ്രതിരോധബജറ്റിനായി 2.5 ട്രില്യണ്‍ അനുവദിക്കുമെന്ന് പാക് സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു.
പതിനൊന്ന് ഉപാധികള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ പാകിസ്താന് വായ്പ അനുവദിക്കുന്നതിനുള്ള അന്താരാഷ്ട്ര നാണയനിധിയുടെ ആകെ ഉപാധികളുടെ എണ്ണം അന്‍പതായി. വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള 1.07 ട്രില്യണ്‍ (1.07 ലക്ഷം കോടി രൂപ) ഉള്‍പ്പെടെയാണ് പുതിയ ബജറ്റ് വകയിരുത്തല്‍. ഒരു സമഗ്ര പദ്ധതിയിലൂടെ പ്രവിശ്യകള്‍ക്ക് പുതിയ കാര്‍ഷികനികുതി ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥയും അന്താരാഷ്ട്ര നാണയനിധി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കൊല്ലം ജൂണ്‍ വരെയാണ് ഇതിനായി പ്രവിശ്യകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. അന്താരാഷ്ട്ര നാണയനിധിയുടെ ഗവേണന്‍സ് ഡയഗനോസ്റ്റിക് അസ്സസ്സ്‌മെന്റിന്റെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കി ഭരണനടപടി സംബന്ധിച്ച രൂപരേഖ സര്‍ക്കാര്‍ പുറത്തിറക്കണമെന്നും പുതിയ ഉപാധികളില്‍ പറയുന്നു.
2027-ന് ശേഷമുള്ള സാമ്പത്തിക നടപടികളുടെ രൂപരേഖയും 2028 മുതലുള്ള ഭരണനിര്‍വഹണ സംവിധാനത്തിന്റെ രൂപരേഖയും സര്‍ക്കാര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്നും അന്താരാഷ്ട്ര നാണയനിധി വ്യവസ്ഥ ചെയ്യുന്നു. പാചകവാതകം ഉള്‍പ്പെടെ ഊര്‍ജമേഖലയില്‍ പുതിയ തീരുവ നടപ്പിലാക്കണമെന്നും സര്‍ക്കാരിന് നിര്‍ദേശമുണ്ട്. പുതിയ തീരുവകള്‍ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരണമെന്നും ഉപാധികളില്‍ പറയുന്നു. തെറ്റായ ഊര്‍ജനയങ്ങളാണ് കടക്കെണിയ്ക്ക് കാരണമാകുന്നതെന്നും അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും വിലയിരുത്തുന്നു. 2035 ഓടെ സ്‌പെഷ്യല്‍ ടെക്‌നോളജി സോണുകളുമായും മറ്റ് വ്യവസായ പാര്‍ക്കുകളുമായും ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള പദ്ധതി പാകിസ്താന്‍ തയ്യാറാക്കണമെന്നും അന്താരാഷ്ട്ര നാണയനിധി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇക്കൊല്ലം അവസാനത്തോടെ തയ്യാറാക്കി നല്‍കണം.
Content Highlights: The IMF has added 11 new conditions for Pakistan`s loan, including budget reforms
Published: 18 May 2025, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented