ലെബനൻ: ഏകദേശം രണ്ട് വർഷം മുമ്പ്, ലെബനനിലുടനീളം ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ഏകോപിത ആക്രമണത്തിൽ ആയിരക്കണക്കിന് പേജറുകൾ സെക്കൻഡുകൾക്കുള്ളിൽ പൊട്ടിത്തെറിച്ചു. ഈ സ്‌ഫോടനങ്ങളിൽ രണ്ട് കുട്ടികളടക്കം 32 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ആക്രമണമായിരുന്നു അത്.

To advertise here,

ഇതിന് മറുപടിയായി, ഹിസ്ബുള്ള തങ്ങളുടേതായ ഒരു ആയുധം കണ്ടെത്തിയിരിക്കുന്നു, അത് നിശബ്ദമായി ഇസ്രായേൽ സൈനികരുടെ ജീവൻ അപഹരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. കുറച്ച് കിലോഗ്രാം മാത്രം ഭാരമുള്ളതും എന്നാൽ അതീവ കൃത്യതയോടെ ആക്രമണം നടത്താൻ ശേഷിയുള്ളതുമായ ഫൈബർ ഒപ്റ്റിക് ക്വാഡ്കോപ്റ്റർ ഡ്രോണാണ് ഈ ആയുധം.

ഇസ്രയേലിന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഹിസ്ബുള്ള ഉപയോഗിക്കുന്ന ഈ ഫൈബർ ഓപ്റ്റിക് ഡ്രോണുകളാണ് ഇപ്പോൾ താരം. ഇതിന്റെ വലിപ്പമല്ല, മറിച്ച് ഇത് നിയന്ത്രിക്കപ്പെടുന്ന രീതിയാണ് ഇതിനെ ഇത്ര അപകടകാരിയാക്കുന്നത്. വയർലെസ് സിഗ്നലുകളെ ആശ്രയിക്കുന്ന സാധാരണ ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ഫൈബർ ഒപ്റ്റിക് ഡ്രോൺ ഒരു ഭൗതിക കേബിളിലൂടെയാണ് അതിന്റെ ഓപ്പറേറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

ഈ ഒരു വ്യത്യാസമാണ് എല്ലാത്തിനെയും മാറ്റിമറിക്കുന്നത്. റേഡിയോ തരംഗങ്ങൾക്ക് പകരം നേർത്ത കേബിൾ വഴി നിയന്ത്രിക്കപ്പെടുന്നതിനാൽ, ഇത്തരം ഡ്രോണുകളെ ജാം ചെയ്യാനോ അവ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് കണ്ടെത്താനോ ഇസ്രയേൽ സൈന്യത്തിന് സാധിക്കുന്നില്ല.

ഇസ്രയേലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ സീനിയർ റിസർച്ചറായ യെഹോഷ്വ കാലിസ്‌കി പറയുന്നതനുസരിച്ച്, 'ഈ ഡ്രോണുകൾ ആശയവിനിമയ ജാമിങ്ങിൽ നിന്ന് മുക്തമാണ്. കൂടാതെ ഇവയ്ക്ക് ഇലക്ട്രോണിക് സിഗ്നേച്ചർ ഇല്ലാത്തതിനാൽ എവിടെ നിന്നാണ് ഇവ വിക്ഷേപിച്ചതെന്ന് കണ്ടെത്തുക അസാധ്യമാണ്.' 

യുക്രൈൻ യുദ്ധത്തിൽ പരീക്ഷിക്കപ്പെട്ട ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹെസ്ബുള്ള നടത്തിയ ആക്രമണങ്ങളിൽ നിരവധി ഇസ്രയേലി സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിൽ ചൈനയിൽ നിന്നോ ഇറാനിൽ നിന്നോ ലഭിക്കുന്ന ഡ്രോണുകളിൽ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ചാണ് ഈ അദൃശ്യമായ ആയുധം നിർമ്മിക്കുന്നത്. ഈ ഭീഷണി നേരിടാൻ വലകളും മറ്റ് ഭൗതിക തടസ്സങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂർണമായും ഫലപ്രദമാകുന്നില്ല.

ഡ്രോണിനെ ഓപ്പറേറ്ററുമായി ബന്ധിപ്പിക്കുന്ന കേബിളിന് 15 കിലോമീറ്റർ വരെ നീളമുണ്ടാകുമെന്ന് ഇസ്രയേലി സൈനിക സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഈ കേബിൾ വളരെ നേർത്തതും ഭാരം കുറഞ്ഞതുമായതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. ഇത് ഓപ്പറേറ്ററെ സുരക്ഷിതമായ ദൂരത്തിരുന്ന് ലക്ഷ്യസ്ഥാനത്തിന്റെ വ്യക്തമായ തത്സമയ ദൃശ്യങ്ങൾ കാണാനും ആക്രമണം നടത്താനും സഹായിക്കുന്നു.

ഡ്രോൺ സാങ്കേതികവിദ്യയിലെ ഈ മാറ്റം യുദ്ധരംഗത്ത് പുതിയ വെല്ലുവിളികൾ ഉയർത്തുന്നതായാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച, ഈ ഡ്രോണുകൾ പ്രവർത്തിക്കുന്നതിന്റെ വീഡിയോ ഹിസ്ബുള്ള പുറത്തുവിട്ടു. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതെ നിൽക്കുന്ന ഇസ്രയേൽ സൈനികരെ ഡ്രോൺ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് അതിലുണ്ടായിരുന്നത്.

ഈ ആക്രമണത്തിൽ 19-കാരനായ സർജന്റ് ഇദാൻ ഫൂക്‌സ് കൊല്ലപ്പെട്ടതായും മറ്റ് നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. പരിക്കേറ്റവരെ മാറ്റാൻ റെസ്‌ക്യൂ ഹെലികോപ്റ്റർ എത്തിയപ്പോഴും ഹിസ്ബുള്ള കൂടുതൽ ഡ്രോണുകൾ വിക്ഷേപിച്ചു.

ഈ ഫൈബർ ഒപ്റ്റിക് ഡ്രോണുകൾ ഹിസ്ബുള്ളയല്ല ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. യുക്രൈനിൽ റഷ്യൻ സൈന്യമാണ് ഇവ വ്യാപകമായി വിന്യസിച്ചത്. റഷ്യ ഈ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കുകയും ഡ്രോണിന്റെ കേബിളിനെ ഒരു ബേസ് യൂണിറ്റുമായി ബന്ധിപ്പിക്കുകയും ചെയ്തു. തെക്കൻ ലെബനനിൽ ഹിസ്ബുള്ള താവളങ്ങൾക്ക് സമീപം ഇസ്രയേൽ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതിനാൽ, സൈനികരെ വേട്ടയാടാൻ ഹിസ്ബുള്ള ഈ ഡ്രോണുകൾ ഉപയോഗിക്കുന്നു.

ചൈനയിൽ നിന്നോ ഇറാനിൽ നിന്നോ ലഭിക്കുന്ന ഡ്രോണുകളിൽ ഗ്രനേഡുകളോ മറ്റ് സ്‌ഫോടകവസ്തുക്കളോ ഘടിപ്പിച്ചാണ് ഹിസ്ബുള്ള ഇവ നിർമ്മിക്കുന്നതെന്ന് ഇസ്രയേൽ വിശ്വസിക്കുന്നു. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്നതും എന്നാൽ അതീവ കൃത്യതയോടെ പ്രവർത്തിക്കുന്നതുമായ ഒരു അദൃശ്യ ആയുധമാണ് ഇത് എന്നാണ് വിദഗ്ധർ പറയുന്നത്.

ഈ ഡ്രോണുകളെ തടയാൻ വലകളും മറ്റ് ഭൗതിക തടസങ്ങളും ഏർപ്പെടുത്തുകയാണ് ഇസ്രയേൽ സൈന്യം ഇപ്പോൾ ചെയ്യുന്നത്. യുക്രൈനിലും സമാനമായ രീതിയാണ് ഉപയോഗിക്കുന്നത്. എങ്കിലും ഇത് പൂർണമായും ഫലപ്രദമല്ലെന്ന് ഒരു ഐഡിഎഫ് ഉദ്യോഗസ്ഥൻ സമ്മതിച്ചു. ഇതിനെ പ്രതിരോധിക്കാനുള്ള വഴികൾ സൈന്യം ആലോചിക്കുന്നുണ്ടെങ്കിലും ഭീഷണി ഇപ്പോഴും നിലനിൽക്കുകയാണ്.