ന്യൂഡല്‍ഹി: എച്ച് 1 ബി വിസാ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയര്‍ത്താനും അത് സെപ്റ്റംബര്‍ 21-ാം തീയതി മുതല്‍ പ്രാബല്യത്തിലാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് പിന്നാലെ യുഎസിലെ വിമാനത്താവളങ്ങള്‍ സാക്ഷ്യം വഹിച്ചത് ഇന്ത്യക്കാരായ യാത്രക്കാരുടെ ആശങ്കകള്‍ക്കും അങ്കലാപ്പുകള്‍ക്കും. ദുര്‍ഗാപൂജ കണക്കാക്കിയും മറ്റും നാട്ടിലേക്ക് പോകാന്‍ വിമാനത്താവളങ്ങളിലെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യക്കാരായ യാത്രക്കാര്‍ തിരിച്ചിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്‌സിന്റെ വിമാനം മണിക്കൂറുകളോളമാണ് താമസിച്ചത്. യുഎസ് വിമാനത്താവളങ്ങളില്‍ മാത്രമല്ല ദുബായിയിലും മറ്റു ചില ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാര്‍ ആശങ്കപ്പെടുകയും യാത്ര ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിസാ ഫീസ് നിരക്ക് വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തി 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തില്‍ 10-15 യാത്രക്കാര്‍ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ദുര്‍ഗാപൂജയുടെ കാലം പ്രമാണിച്ച് നിരവധി ഇന്ത്യക്കാരാണ് അമേരിക്കയില്‍നിന്ന് നാട്ടിലേക്ക് വരാനിരുന്നത്. യുഎസ് വിടരുതെന്നും രാജ്യത്തിന് പുറത്തുള്ളവര്‍ 24 മണിക്കൂറികം മടങ്ങിയെത്തണമെന്നും എച്ച് 1 ബി വിസക്കാരായ ജീവനക്കാര്‍ക്ക് മെറ്റയും മൈക്രോസോഫ്റ്റും ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
എച്ച് 1 വിസാ ഫീസ് വര്‍ധനയുടെ വാര്‍ത്തയ്ക്കു പിന്നാലെ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയില്‍നിന്ന് 70,000-80,000 ആയി.
എച്ച് 1 ബി വിസാ ഫീസ് വര്‍ധനയിലൂടെ അമേരിക്കന്‍ തൊഴില്‍ വിപണിയെ സംരക്ഷിക്കാനും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം. എന്നാല്‍ എച്ച്-1ബി വിസകളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. എച്ച് 1 ബി വിസാ ഉടമകളില്‍ 71 ശതമാനം പേരും ഇന്ത്യക്കാരാണ് എന്നതാണ് ഇതിന് കാരണം.
Content Highlights: h1b visa fees hike indians cancels journey to home flight tickt price hikes
Published: 20 Sept 2025, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented