
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങൾ മൂലമുള്ള ഗാസയിലെ യഥാര്‍ഥ മരണസംഖ്യ 1,86,000 കടന്നേക്കുമെന്ന് പഠനം. പ്രമുഖ ആരോഗ്യ ജേണലായ ലാന്‍സെറ്റാണ് പഠനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ശേഷം ഇന്നുവരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 38,000 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും പുറത്തെടുക്കാത്ത മൃതദേഹങ്ങളുണ്ട്. ആക്രമണങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടതുമൂലവും ഭക്ഷണമില്ലാതെയും മറ്റുമുണ്ടായ പരോക്ഷമായ മരണങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് പഠനം പറയുന്നു. ആക്രമണങ്ങളില്‍നിന്ന് നേരിട്ടുണ്ടാകുന്ന പ്രശ്‌നങ്ങളേക്കാള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പരോക്ഷമായി ജനങ്ങള്‍ക്കുണ്ടാകുന്നത്. അടുത്ത നിമിഷം ഗാസയ്ക്കുമേലുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍പോലും ഇതുകാരണമുള്ള മരണങ്ങള്‍ വരുംവര്‍ഷങ്ങളിലും തുടര്‍ക്കഥയാകുമെന്നും പഠനം പറയുന്നു.
'ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ 15 ഇരട്ടിയോളം പേര്‍ ഇത്തരത്തില്‍ പരോക്ഷമായി കൊല്ലപ്പെട്ടിട്ടുണ്ട്', ലാന്‍സെറ്റ് പഠനറിപ്പോര്‍ട്ട് പറയുന്നു.
കണ്‍സര്‍വേറ്റീവ് എസ്റ്റിമേറ്റ് (conservative estimate) എന്ന രീതിയിലൂടെയാണ് പഠനം യഥാര്‍ഥ മരണസംഖ്യ കണക്കാക്കിയത്. ഇതുപ്രകാരം ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ പരോക്ഷമായി നാലുപേര്‍ മരിക്കുന്നു എന്നാണ് കണക്ക്. അത്തരത്തില്‍ കണക്കാക്കുമ്പോള്‍ 1,86,000-ൽ ഏലേറെ മരണങ്ങള്‍ ഗാസയില്‍ ഉണ്ടാകുക എന്നത് അസാധ്യമല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിന്റെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പുള്ള ഗാസയിലെ ജനസംഖ്യയുടെ (23 ലക്ഷം) എട്ട് ശതമാനത്തോളമാണ് ഈ മരണസംഖ്യ.
ഗാസയിലെ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ക്കപ്പെട്ടതാണ് മരണസംഖ്യ കൃത്യമായി രേഖപ്പെടുക്കാന്‍ പലസ്തീനിലെ അധികൃതര്‍ക്ക് സാധിക്കാത്തതിന് കാരണമെന്ന് പഠനം പറയുന്നു. അതേസമയം, പലസ്തീന്‍ അധികൃതര്‍ ഗാസയിലെ മരണസംഖ്യ പെരുപ്പിച്ചുകാണിക്കുന്നുവെന്ന ഇസ്രായേലി ഇന്റലിജന്‍സ് സര്‍വീസിന്റേയും യു.എന്നിന്റേയും ലോകാരോഗ്യ സംഘടനയുടേയും ആരോപണം ലാന്‍സെറ്റ് പഠനം തള്ളി.
ലാന്‍സെറ്റ് ജേണലിന്റെ പിയര്‍ റിവ്യൂ ചെയ്യപ്പെടാത്ത പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കറസ്‌പോണ്ടന്‍സ് വിഭാഗത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. റഷ ഖതീബ്, മാര്‍ട്ടിന്‍ മക്കീ, സലിം യൂസഫ് എന്നിവരാണ് പഠനം നടത്തിയത്.
Content Highlights: Gaza real death toll could exceed 186,000, says Lancet study
Published: 09 Jul 2024, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented