ലണ്ടണ്‍: ഇസ്രയേലുമായുള്ള യുദ്ധം തുടരുന്നതിനിടെ ഗാസയില്‍ ഹമാസ് കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. ലണ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഷാര്‍ഖ് അല്‍ അസ്വാത് എന്ന മാധ്യമത്തിലാണ് ഹമാസ് ഹമാസ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുള്ളത്. രണ്ടുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഹമാസിന്റെ മുന്‍നിര നേതാക്കളെ പലരേയും ഇസ്രയേല്‍ വധിച്ചിരുന്നു. ഇതിനിടെ യുദ്ധം തുടരുന്നത് അവരുടെ സാമ്പത്തിക സ്രോതസ്സിനെയും ബാധിച്ചു. ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന സ്വന്തം അംഗങ്ങള്‍ക്കുള്ള വേതനം പോലും നല്‍കാന്‍ സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

To advertise here,

കഴിഞ്ഞ നാലുമാസത്തിനിടെ 900 ഷെക്കല്‍സ് ( 21,317 രൂപ) മാത്രമാണ് അംഗങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചത്‌. ഹമാസിന്റെ ചരിത്രത്തില്‍ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണത്രെ ഇപ്പോള്‍ നേരിടുന്നത്. ഹമാസ് നിരയില്‍ അതൃപ്തി പുകയുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

ഹമാസിന്റെ നേതൃനിരയിലുള്ളവരെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ നീങ്ങുന്നത്.  ഹമാസിന്റെ പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കുന്നുണ്ട്. യുദ്ധത്തിലെ ഏകോപനത്തെയും നേതൃത്വത്തിലെ അഭാവം ബാധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതേസമയം ഗാസയില്‍ മാനുഷിക സഹായം എത്തിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുമെന്നാണ് വിവരം. അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ ഗാസയിലെ ആക്രമണങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കുകയാണ്. ശനിയാഴ്ച ഖാന്‍ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികളാണ് കൊല്ലപ്പെട്ടത്. 

അതേസമയം യുഎന്നിന്റെ ഭക്ഷണമുള്‍പ്പെടെയുള്ള സഹായവുമായെത്തുന്ന ട്രക്കുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഗാസയിലെ ജനങ്ങളുടെ എണ്ണം വെച്ചുനോക്കുമ്പോള്‍ കടത്തിവിടുന്ന ട്രക്കുകളുടെ എണ്ണം തുലോം കുറവാണ്. 

ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം. യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഗാസയിലേക്ക് സഹായമെത്തിക്കാന്‍ 'ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3' എന്ന പേരില്‍ യുഎഇയുടെ സഹായദൗത്യം തുടരുന്നുണ്ട്.

സംഭവത്തില്‍ ഗാസയിലെ യുഎഇ ദൗത്യസംഘം ഇസ്രയേലിനെ കുറ്റപ്പെടുത്തി. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രയേലും യുഎഇയും കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. നിലവില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണ് ഗാസ. സഹായമെത്തിച്ചില്ലെങ്കില്‍ ഗാസയില്‍ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയന്‍ വിഭാഗം മേധാവി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.