
പാരിസ്: കൊളോണിയല്‍ കാലത്ത് ഫ്രഞ്ച് സൈന്യം തലയറുത്ത മഡഗാസ്‌കര്‍ രാജാവിന്റേതെന്ന് കരുതുന്ന തലയോട്ടി ഉള്‍പ്പെടെയുള്ള ശേഷിപ്പുകള്‍ 128 വര്‍ഷത്തിനു ശേഷം മഡഗാസ്‌കറിന് തിരികെ നല്‍കി. പാരീസിലെ സാംസ്‌കാരിക മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന മൂന്ന് മനുഷ്യ തലയോട്ടികളാണ് ഫ്രാന്‍സ് തിരിച്ചുനല്‍കിയത്.
ടോറ രാജാവിന്റേതെന്ന് കരുതപ്പെടുന്ന തലയോട്ടിയും സകലവ ഗോത്രവര്‍ഗത്തില്‍പ്പെട്ട മറ്റ് രണ്ടുപേരുടെ തലയോട്ടികളും ചൊവ്വാഴ്ച ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി കൈമാറി. 1897-ല്‍ മഡഗാസ്‌കറിലെ തദ്ദേശീയരെ കൂട്ടക്കൊല ചെയ്യുന്നതിനിടെ ഫ്രഞ്ച് സൈന്യം ടോറ രാജാവിനെ ശിരഛേദം ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ തലയോട്ടി ഫ്രാന്‍സിലേക്ക് കൊണ്ടുവന്ന് ഇന്ത്യന്‍ മഹാസമുദ്ര ദ്വീപില്‍ നിന്നുള്ള നൂറുകണക്കിന് മറ്റ് വസ്തുക്കള്‍ക്കൊപ്പം പാരീസിലെ ദേശീയ ചരിത്ര മ്യൂസിയത്തില്‍ സ്ഥാപിച്ചു.
മാനവികതയെ ലംഘിച്ചും കൊളോണിയല്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഈ തലയോട്ടികള്‍ ദേശീയ ശേഖരങ്ങളില്‍ എത്തിയതെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തി ചടങ്ങില്‍ പറഞ്ഞു. മഡഗാസ്‌കര്‍ പ്രതിനിധിയായ വൊളമിറാന്റി ഡോണ മാര തലയോട്ടികളുടെ കൈമാറ്റത്തെ പ്രശംസിച്ചു. 'തലയോട്ടികള്‍ കൊണ്ടുപോയിട്ട് ഒരു നൂറ്റാണ്ടിലേറെയായി, 128 വര്‍ഷമായി ഞങ്ങളുടെ ദ്വീപിന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായിരുന്നു അത്.' അവര്‍ പറഞ്ഞു.
'അവ ശേഖരിച്ചുവെക്കാനുള്ള വസ്തുക്കളല്ല; നമ്മുടെ വര്‍ത്തമാനകാലത്തെ ഭൂതകാലവുമായി ഒന്നിപ്പിക്കുന്ന അദൃശ്യവും മായ്ക്കാനാവാത്തതുമായ കണ്ണിയാണ് അവ' മാര പറഞ്ഞു. പരമ്പരാഗതമായി അലങ്കരിച്ച മൂന്ന് പെട്ടികള്‍ ഫ്രാന്‍സിന്റെ സാംസ്‌കാരിക മന്ത്രാലയത്തിലെ വേദിയിലേക്ക് ഘോഷയാത്രയായി കൊണ്ടുവരികയായിരുന്നു.
തലയോട്ടികള്‍ സകലവ ഗോത്രത്തില്‍പ്പെട്ടവരുടേതാണെന്ന് സംയുക്ത ശാസ്ത്രീയ സമിതി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവയിലൊന്ന് ടോറ രാജാവിന്റേതാണെന്ന് അനുമാനിക്കാന്‍ മാത്രമേ കഴിയൂ എന്നും ദാത്തി പറഞ്ഞു.
2023-ല്‍ ഇത്തരം പുരാവസ്തുക്കള്‍ തിരികെ നല്‍കുന്നത് സുഗമമാക്കുന്ന നിയമം ഫ്രാന്‍സ് പാസാക്കിയതിന് ശേഷമുള്ള മനുഷ്യാവശിഷ്ടങ്ങള്‍ തിരികെ നല്‍കുന്ന ആദ്യത്തെ സംഭവമാണിത്. തലയോട്ടികള്‍ ഞായറാഴ്ച മഡഗാസ്‌കറിലേക്ക് തിരികെയെത്തിക്കും, അവിടെ അവ സംസ്‌കരിക്കും.
പാരീസിലെ പ്രശസ്ത മ്യൂസിയമായ 'മ്യൂസി ഡി ലോമി'ലെ 30,000 പ്രദര്‍ശനവസ്തുക്കളിലെ മൂന്നിലൊന്നും ലോകമെമ്പാടുനിന്നും ശേഖരിച്ച തലയോട്ടികളും അസ്ഥികൂടങ്ങളുമാണ്. 60 വര്‍ഷത്തിലേറെ നീണ്ട കൊളോണിയല്‍ ഭരണത്തിന് ശേഷം 1960-ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച മഡഗാസ്‌കറില്‍ ഫ്രാന്‍സ് നടത്തിയ 'രക്തരൂക്ഷിതവും ദാരുണവുമായ' കോളനിവല്‍ക്കരണത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഏപ്രിലില്‍ തലസ്ഥാനമായ അന്റനാനരിവോയില്‍ പൊതുചടങ്ങില്‍ 'മാപ്പ് പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളും പൂര്‍വ്വികരുടെ അവശിഷ്ടങ്ങള്‍ തിരികെ ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Content Highlights: France returns human skulls to Madagascar, 128 years after French massacre
Published: 27 Aug 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented