ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് ബുധനാഴ്ച പുലർച്ചെ, പ്രാദേശിക സമയം 03.05 ഓടെയാണ് ഫ്‌ളൈദുബായ് FZ1073 പുറപ്പെട്ടത്. വിമാനത്തിൽ 180-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും ഇസ്രയേലി പൗരന്മാരായിരുന്നു. വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂറിനുശേഷം സൗദി അറേബ്യയുടെ മുകളിലൂടെ പറക്കുമ്പോൾ ലഭിച്ച അടിയന്തര സന്ദേശം വലിയ ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും ഇടയാക്കി.
ജോർദാൻ അതിർത്തിക്ക് സമീപം സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലൂടെ പറക്കുമ്പോഴാണ് വിമാനത്തിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചത്. സന്ദേശം നൽകുന്നതിന് മുമ്പായി വിമാനം താഴേക്ക് പറക്കുകയും രണ്ടുമിനിറ്റുകൾക്കുള്ളിൽ 17000 അടി താഴ്ചയിലേക്കുവരെ വിമാനം കൂപ്പുകുത്തുകയും ചെയ്തതായി ട്രാക്കിങ് ഡാറ്റകൾ കാണിക്കുന്നു. പിന്നീട് ഉയരംവീണ്ടെടുക്കുകയും ചെയ്തു. ഈ സംഭവത്തിൽ വിമാനത്തിന്റെ പിൻചിറകിന് കേടുപാടുകൾ സംഭിച്ചിട്ടുണ്ട്.
എട്ടരയോടെയാണ് വിമാനത്തിൽനിന്ന് സന്ദേശം പോകുന്നത്. അടിയന്തര സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ജനറൽ എമർജൻസി കോഡായ സ്ക്വാക് 7700 സന്ദേശമാണ് ലഭിച്ചത്. പിന്നീട് ഈ കോഡ് മാറി വിമാനം റാഞ്ചിയാൽ നൽകുന്ന '7500' എന്ന സന്ദേശം ലഭിച്ചു. ഈ സമയത്ത് വിമാനം ജോർദാൻ വ്യോമാതിർത്തിയിലും സൗദിവ്യോമാതിർത്തിയിലുമായി പറക്കുകയായിരുന്നു. തുടർന്ന് വിമാനം 9.45-നും 9.50-നും ഇടയിൽ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പായി റാഞ്ചൽ സന്ദേശത്തിൽനിന്ന് ജനറൽ എമർജൻസിയിലേക്ക് മാറുകയും ചെയ്തു.
യുദ്ധവിമാനങ്ങളയച്ച് ഇസ്രയേൽ
വിമാനം റാഞ്ചിയതായുള്ള സന്ദേശം ലഭിച്ചതിന് പിന്നാലെ ഇസ്രയേൽ തങ്ങളുടെ യുദ്ധവിമാനങ്ങളെ മേഖലയിലേക്കയച്ചു. റാഞ്ചൽ അല്ലെന്നുള്ള സന്ദേശം ലഭ്യമായതിന് പിന്നാലെ യുദ്ധവിമാനങ്ങളെ തിരികെവിളിക്കുകയും ചെയ്തു. വിമാനം റാഞ്ചപ്പെട്ടതാകാമെന്ന ആശങ്ക വർധിച്ചതിനെത്തുടർന്ന്, ഏകദേശം 20 മിനിറ്റിനുശേഷം ഇസ്രയേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുരക്ഷാ അവലോകന യോഗം ചേരുകയും പിന്നീട് റാഞ്ചലല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഫ്‌ളൈദുബായിയുടെ പ്രതികരണം
യാത്രയ്ക്കിടെ ഒരു 'സംഭവം' ഉണ്ടായെന്നും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഫ്‌ളൈദുബായ് പ്രതികരണം നടത്തി. ‘അധികാരികളുമായി ചേർന്ന് ഞങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. സംഭവത്തിലുൾപ്പെട്ട വിമാനത്തിലെ യാത്രക്കാരെ ടെൽ അവീവിലേക്ക് എത്തിക്കുന്നതിനായി മറ്റൊരു വിമാനം തബൂക്കിലേക്ക് അയച്ചിട്ടുണ്ടെ’ന്നും ഫ്ളൈദുബായ് വക്താവ് അറിയിച്ചു.
തബൂക്ക് വിമാനത്താവള അധികൃതരുടെ പ്രതികരണം
പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെ, 7700 FZ1073 എന്ന വിമാനം അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന സ്ക്വാക്ക് കോഡ് അയച്ചു. ഇതോടെ ഞങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ ജാഗ്രതയിലായി. കുറച്ച് മിനിറ്റുകൾക്കുശേഷം, വിമാനം റാഞ്ചപ്പെട്ടതായി സൂചിപ്പിക്കുന്ന 'കോഡ് 7500' പൈലറ്റിൽനിന്ന് ലഭിച്ചു. പിന്നീടത് മാറി. വിമാനം സുരക്ഷിതമായി തന്നെ ഇറങ്ങി. പരിക്കേറ്റ ക്യാപ്റ്റനെയും കോ-പൈലറ്റിനെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും വിമാനത്താവള അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാർക്ക് ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
യാത്രക്കാരും ഇസ്രയേൽ മാധ്യമങ്ങളും നൽകുന്ന വിവരം
വിമാനത്തിലുണ്ടായിരുന്ന കോ പൈലറ്റ് ക്യാപ്റ്റനെ കത്തിക്കൊണ്ട് കുത്തുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് യാത്രക്കാരെയും മറ്റും ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്താണ് വിമാനത്തിൽ സംഭവിച്ചത് എന്നത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
സംഭവം ഭീകരാക്രമണമാണോയെന്നത് സംബന്ധിച്ച് ഇസ്രയേൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരുന്നുണ്ട്. ഇതിനിടെ വിമാനത്തിൽനിന്നുള്ള നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുത്തേറ്റ പൈലറ്റിന്റേതെന്ന പേരിലുള്ളതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇയാൾ ചോരയിൽ കുളിച്ച് കോക്പിറ്റിന് പുറത്ത് കിടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലരുടെ വസ്ത്രത്തിൽ രക്തം പുരണ്ടതിന്റെയും ചിത്രങ്ങളുണ്ട്. വിമാനം സുരക്ഷിതമായി തബൂക്കിൽ ഇറങ്ങിയതോടെ യാത്രക്കാർ കൈയടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്യാപ്റ്റന് കുത്തേറ്റതോടെ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയതെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോ പൈലറ്റ് ക്യാപ്റ്റനെ കുത്തിയശേഷം വിമാനം റാഞ്ചാൻ ശ്രമിച്ചതായി സംശയിക്കുന്നതായി രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
വിമാനം തകർക്കുകയായിരുന്നോ അതോ നിലത്തിറക്കി ആളുകളെ ബന്ദികളാക്കുകയായിരുന്നോ ഇയാളുടെ ലക്ഷ്യമെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇസ്രയേലി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇസ്രയേലിന്റെ പ്രതികരണം
സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസും ചില മന്ത്രിമാരും പ്രതികരണങ്ങൾ നടത്തുകയുണ്ടായി. 'വിമാനവുമായി ബന്ധപ്പെട്ട ഒരു സംഭവത്തെത്തുടർന്നുണ്ടായ ആശങ്കകളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നെതന്യാഹു ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നു. സാഹചര്യം നിയന്ത്രണവിധേയമാണ്, ഇസ്രായേൽ യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും ഇപ്പോൾ സ്വീകരിച്ചുവരികയാണ്' നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സംഭവത്തെ സംബന്ധിച്ച് മറ്റു പ്രതികരണങ്ങളൊന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഭാഗത്ത്നിന്ന് ഉണ്ടായിട്ടില്ല.
അതേസമയം, ഇതൊരു ഭീകരാക്രമണം ആണെന്ന തരത്തിലായിരുന്നു ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷക്കാരനുമായ ഇതാമർ ബെൻഗ്വിറിന്റെ പ്രതികരണം. യാത്രക്കാർക്ക് നന്ദി അറിയിച്ച അദ്ദേഹം ഇസ്രായേലിന്റെ സുരക്ഷാ നയം ഇനി ഒരു പടികൂടി ഉയർത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.
'കഴിഞ്ഞ രണ്ടര വർഷമായി ഇസ്രായേൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. എങ്കിലും നാം ഇവിടെ നിന്നുപോകരുത്. ഇറാൻ, ലെബനൻ, ഗാസ, ജൂദിയ-സമരിയ എന്നിവിടങ്ങളിൽ സമ്പൂർണ വിജയം കൈവരിക്കുന്നതുവരെ മുന്നോട്ട് പോകണം. ശത്രുക്കൾക്കും ജീവന് വിലയുണ്ടെന്നും അവരോട് കരുണ കാണിക്കണമെന്നുമുള്ള നിഷ്കളങ്കമായ ധാരണയ്ക്ക് ഇന്ന് രാവിലെ മറ്റൊരു തിരിച്ചടി ലഭിച്ചു; വിമാനം തകർത്ത് അതിലുണ്ടായിരുന്ന 180 ഇസ്രായേലികളെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഒരു ഭീകരനിലൂടെയാണ് ആ തിരിച്ചടി ഉണ്ടായത്. ഭീകരവാദം എന്നത് ഒരു പിശാചാണ്, അതിനെ പരാജയപ്പെടുത്തി ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുക എന്നതല്ലാതെ, അതുമായി യാതൊരുവിധ ധാരണയിലും എത്താൻ പാടില്ല', ഫ്ളൈദുബായ് സംഭവത്തെ പേരെടുത്ത് പരാമർശിക്കാതെ ഇസ്രയേൽ മന്ത്രി എക്സിൽ കുറിച്ചു.
പൈലറ്റുമാരുടെ പൗരത്വവും അഭ്യൂഹവും
വിമാനത്തിലെ അക്രമസംഭവത്തെ തുടർന്ന് ആദ്യമുണ്ടായ പ്രചാരണം റഷ്യൻ-യുക്രൈൻ പൈലറ്റുമാർ തമ്മിലുള്ള സംഘർഷമെന്ന തരത്തിലാണ്. കോ പൈലറ്റ് ഒമാനി സ്വദേശിയും ക്യാപ്റ്റൻ യുഎഇ പൗരനാണെന്നും പിന്നീട് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റൻ ഇന്ത്യൻ വംശജനായ യുഎഇ പൗരനാണെന്നുമുള്ള റിപ്പോർട്ടുകളും ഉണ്ട്. കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തിയെന്ന് പറയപ്പെടുന്ന ഒമാനി കോ-പൈലറ്റ് ഫ്‌ളൈദുബായിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടില്ലെന്നും ഇസ്രയേൽ മാധ്യമങ്ങൾ പറയുന്നു.
Published: 30 Sept 2026, 07:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented